
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എന്നാല്‍, മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളില്‍ യന്ത്രതകരാറുമൂലം വോട്ടിംഗ് ആരംഭിക്കാനായിരുന്നില്ല. അങ്കടി മൊഗറിലെ 165,166 ബൂത്തുകളിലും , ഉപ്പള ഹൈസ്‌ക്കൂളിലെ 69ആം ബൂത്ത് എന്നിവിടങ്ങളിലും യന്ത്രതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

അഞ്ച് മണ്ഡലങ്ങളില്‍896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത് . 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്. നിലവില്‍ മഞ്ചേശ്വരം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറി. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇരുജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
