
മുസഫര്‍നഗര്‍: യുവാവ് മകളോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം,യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു സംഭവം. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.ഗാസിയാബാദില്‍ പഠിച്ചിരുന്ന 24 യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബര്‍ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ കുടുംബത്തിലുള്ളവരെയെല്ലാം തട്ടിക്കൊണ്ടുപോയി. യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും അമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തത്.

ഈമാസം 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഗ്രാമപ്രഥാന്‍ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
