മംഗല്‍പാടി സ്‌കൂളില്‍ കന്നഡ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നത് മലയാള അധ്യാപകന്‍; ദുരിതത്തിലായ കുട്ടികള്‍ ഉദ്യോഗസ്ഥ നടപടിക്കെതിരെ സമരം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗല്‍പാടി സ്‌കൂളില്‍ കന്നഡ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നത് മലയാള അധ്യാപകന്‍; ദുരിതത്തിലായ കുട്ടികള്‍ ഉദ്യോഗസ്ഥ നടപടിക്കെതിരെ സമരം ആരംഭിച്ചു

ഉപ്പള(കാസര്‍കോട്): കാസര്‍കോട് ജില്ലയിലെ പല സ്‌കൂളുകളിലും കന്നഡ മീഡിയം നിലനില്‍ക്കെ അതിനെ തകര്‍ക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ആക്ഷേപം. കേരളത്തില്‍ മലയാള ഭാഷാ നിര്‍ബന്ധമാക്കിയ നടപടിക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ ഈ ഗൂഡ നീക്കം. കന്നട അധ്യാപകരെ നിയമിക്കേണ്ടിടത്ത് ഇപ്പോള്‍ മലയാള അദ്ധ്യാപകനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് കാസര്‍കോട് ജില്ലയില്‍ വിവാദമായിരിക്കുന്നത്. മഞ്ചേശ്വരം താലൂക്കിലെ മംഗല്‍പാടി ഗവ: ഹൈസ്‌കൂളില്‍ കന്നഡ മീഡിയം കണക്ക് പഠിപ്പിക്കുന്നതിന് മലപ്പുറം സ്വദേശിയായ അധ്യാപകനെയാണ് നിയമിച്ചിരിക്കുന്നത്. ജൂലൈ 23 ന് നിയമനം നല്‍കിയ അധ്യാപകന് കന്നഡ പരിജ്ഞാനമില്ലാത്തതും കന്നഡ കുട്ടികളോട് ആശയവിനിമയം നടത്താന്‍ സാധിക്കാത്തതുമാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയത്. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ കന്നഡ ഭാഷ മാത്രം അറിയാവുന്ന 8,9,10 ക്ലാസുകളിലെ കുട്ടികളാണ് ഉദ്യോഗസ്ഥരുടെ ദുര്‍നടപടിമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ വിഷയം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല എന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. നടപടി ആവശ്യപ്പെട്ടാണ് കുട്ടികളും രക്ഷിതാക്കളും ഇപ്പോള്‍ സ്‌കൂളില്‍ സമരം നടത്തുന്നത്. കണക്ക് പോലുള്ള പ്രധാന വിഷയം പഠിപ്പിക്കാന്‍ കന്നഡ അറിയാത്ത അധ്യാപകനെ നിയമിച്ചത് തികച്ചും കുട്ടികളുടെ അവകാശ ലംഘനമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കന്നഡ അറിയാവുന്ന അധ്യാപനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും കുട്ടികളൂം ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ക്കും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും ശിശു സംരക്ഷണ വകുപ്പിനും പലതവണ നിവേദനം നല്‍കിയിട്ടുണ്ട്.ഇതുകൊണ്ടൊന്നും യാതൊരു നടവടിയും ഉണ്ടായിട്ടില്ല. ഇതേ ആവശ്യം ഉന്നയിച്ച് കുട്ടികള്‍ സ്‌കൂളില്‍ പഠിപ്പ് മുടക്കി സമരങ്ങള്‍ ചെയ്യുകയും കഴിഞ്ഞ വെള്ളിയാഴ്ച്ച ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ കടന്നുപോയതല്ലാതെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശം ആവശ്യപ്പെട്ട് കുട്ടികളും രക്ഷിതാക്കളും കന്നഡ ഭാഷാ സംരക്ഷണ സംഘടനകളും ചേര്‍ന്ന് ഇന്ന് സ്‌കൂളില്‍ നിരാഹാര സമരം ആരംഭിച്ചത്. അധികാരികള്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

0Shares