കാലിഫോര്‍ണിയ: ഭൂമി ഉരുണ്ടതാണെന്നാണ് ശാസ്ത്രം ഇതുവരെ തെളിയിച്ചിരിക്കുന്നത്. എന്നാല്‍ ശാസ്ത്രജ്ഞരും ബഹിരാകാശ ഗവേഷകരും പറയുന്നത് തെറ്റാണെന്നും ഭൂമി പരന്നതാണെന്നും വിശ്വസിക്കുന്ന ചെറിയ വിഭാഗം ആളുകള്‍ ഇപ്പോഴും ഈ ലോകത്തുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മൈക് ഹ്യൂഗ്‌സ് ഭൂമി പരന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. തന്റെ വാദം തെളിയിക്കുന്നതിനായി റോക്കറ്റില്‍ കയറി മുകളിലേക്ക് പറക്കാനുള്ള ശ്രമത്തിലാണ് ഹ്യൂഗ്‌സ്. മറ്റന്നാള്‍ ശനിയാഴ്ചയാണ് ഇദ്ദേഹം ആകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നത്. ഇതിനായിപാഴ് വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം ഒരു റോക്കറ്റും നിര്‍മിച്ചിട്ടുണ്ട്. റോക്കറ്റ് നിര്‍മിച്ചതുകൊണ്ട് അദ്ദേഹം വലിയ എഞ്ജിനീയറോ ശാസ്ത്രജ്ഞനോ ആണെന്ന് കരുതരുത്. കക്ഷി ആഡംബര കാറായ ലിമോസിന്‍ ഓടിക്കുന്ന ഡ്രൈവറാണ്. 61 വയസായെങ്കിലും അതൊന്നും കാര്യമാക്കാതെ ഭൂമി പരന്നതാണെന്ന് തെളിയിച്ചെ അടങ്ങൂ എന്ന വാശിയിലാണ് ഹ്യൂഗ്‌സ്. കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയില്‍ നിന്നാണ് ഇദ്ദേഹം റോക്കറ്റ് യാത്ര നടത്തുക.
തന്റെ റോക്കറ്റ് 1800 അടി ഉയരത്തിലെങ്കിലുമെത്തുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. മുകളിലെത്തി ഭൂമിയുടെ ചിത്രം പകര്‍ത്തി തിരികെയെത്താനാണ് മൈക് ഹ്യൂഗ്‌സ് പദ്ധതിയിട്ടിരിക്കുന്നത്. ഭൂമി ഉരുണ്ടതാണെന്ന നാസയുള്‍പ്പെടെയുള്ളവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിക്കുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. സംഗതി തമാശയാണെന്നു തോന്നുമെങ്കിലും ഹ്യൂഗ്‌സിനെ കളിയാക്കാന്‍ വരട്ടെ. ഇദ്ദേഹം 2014 ല്‍ സ്വയം റോക്കറ്റ് ഉണ്ടാക്കി പരീക്ഷണം നടത്തിയ ആളാണ്. അന്ന് വിക്ഷേപിച്ച റോക്കറ്റ് മൈലുകളോളം ഉയരത്തില്‍ കുതിച്ചുയരുകയും ചെയ്തതാണ്. ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷെ കുതിച്ചുയര്‍ന്ന റോക്കറ്റില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. പരീക്ഷണം പരാജയപ്പെട്ടു, ആയുസിന്റെ ബലം കൊണ്ട് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു. അന്നത്തെ അപകടം രണ്ടാഴ്ച ഇദ്ദേഹത്തെ ആശുപത്രി കിടക്കയിലാക്കി. ഇത്തണ 1800 അടി ഉയരത്തിലെത്താനാണ് മൈക് ഹ്യൂഗ്‌സിന്റെ പദ്ധതി.
ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം; എന്നാല്‍ ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ റോക്കറ്റില്‍ പറക്കാനൊരുങ്ങുന്നു ഒരു അമേരിക്കക്കാരന്‍