ഭൂമിയുടെ ചൂട് വര്‍ഷം തോറും വര്‍ധിക്കുന്നു; കാലാവസ്ഥയിലെ ഈ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭൂമിയുടെ ചൂട് വര്‍ഷം തോറും വര്‍ധിക്കുന്നു; കാലാവസ്ഥയിലെ ഈ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍

കാസര്‍കോട്: ഭൗമോപരിതലത്തിലെ വാതകങ്ങള്‍ കാരണം ഭൂമിയിലെ ചൂട് വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്നും അത് ആശങ്കയോടെ കാണണമെന്നും ശാസ്ത്രജ്ഞര്‍. ഒരു ഡിഗ്രി ചൂട് ഭൂമിയില്‍ കൂടുമ്പോള്‍ തന്നെ മഴയിലും വ്യത്യാസമുണ്ടാകുന്നതായി കൊച്ചിയിലെ കേന്ദ്ര ഫിഷറീസ് ടെക്കനോളജിയിലെ എഞ്ചിനീയറിങ് വിഭാഗം തലവന്‍ ഡോ.മനോജ് സാമുവല്‍ പറഞ്ഞു. കാസര്‍കോട് കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിലെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിലുള്ള മാറ്റവും കാലാവസ്ഥയുടെ വ്യതിയാനത്തിന് ഒരുകാരണമായിട്ടുണ്ട്. മീഥേന്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങള്‍ കാരണമാണ് അന്തരീക്ഷത്തില്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. വാതകങ്ങളുടെ സാന്ദ്രത കൂടുന്നതുകാരണം അന്തരീക്ഷത്തിലെ ചൂട് ക്രമാധീതമായി വര്‍ധിക്കുന്നു. ഇത് ഭൂമിയിലെ ജല ലഭ്യതയെയാണ് ഇല്ലാതാക്കുന്നത്. മഴകുറവായതുകാരണം 40 ശതമാനം വരെ കൃഷികളില്‍ ഉല്‍പാദനം കുറഞ്ഞതായി കണ്ടെത്തിക്കഴിഞ്ഞു. ഭൂമിക്കടിയിലെ ജലനിരപ്പ് വര്‍ഷം തോറും 30 സെന്റീമീറ്റര്‍ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ഭാവിയിലെ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുനല്‍കുന്നു. കടലുകളിലും ചൂട് വര്‍ധിച്ചതിനാല്‍ ചില ജീവികള്‍ക്ക് വംശനാശഭീഷണി നേരിടുകയാണ്. പമ്പയാറിലെ 22 തരം മീനുകളില്‍ ഇപ്പോള്‍ ഏഴോഎട്ടോ ഇനം മാത്രമാണ് ഇന്നുകാണുന്നത്. ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ സൂചനയായി സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്) എന്ന ജീവി ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം വിധിയെഴുതിയിട്ടുണ്ട്. തുടര്‍ച്ചയായി ചൂടുവര്‍ധിക്കുന്നതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ജലത്തിന് വേണ്ടി എന്നും നെട്ടോട്ടമോടേണ്ട അവസ്ഥ സംജാതമായികൊണ്ടിരിക്കുകയാണ്. ജലലഭ്യതയ്ക്ക്് ഇനി മഴവെള്ളത്തെ സംരക്ഷിക്കുകമാത്രമേ നിര്‍വൃത്തിയുള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു.

0Shares