
കോഴിക്കോട്: ‘ഭീകരതയുടെ നാടെന്നാണ് കേരളത്തെക്കുറിച്ച് ഞങ്ങളുടെ നാട്ടില്‍ പ്രചാരണം. അതുകൊണ്ടുതന്നെ ഈ നാട്ടിലെത്തിയപ്പോള്‍ ചുറ്റുംകൂടിയ ജനക്കൂട്ടത്തെ കാണുമ്പോള്‍ മനസ്സില്‍ അല്‍പ്പം ഭയമായിരുന്നു. എന്നാല്‍ കേരളത്തിന്റെ ഐക്യവും സ്‌നേഹവും നേരിട്ടറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്’-ഗുജറാത്തില്‍നിന്നെത്തിയ ചില്‍ക്കനും ഹേമജിനും ദിനീഷിനുമെല്ലാം കേരളത്തെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ബറോഡ സര്‍വകലാശാലയിലെ ചിത്രകലാ വിദ്യാര്‍ഥികളാണ് ഇവര്‍.
കളിമണ്‍ ശില്‍പ്പങ്ങളും ഏറെ അത്ഭുതമായി. കലയുടെ ദേശാന്തരങ്ങള്‍താണ്ടി വന്നവരുടെ അപൂര്‍വ കാഴ്ചകള്‍ക്കാണ് നാട്ടുകാര്‍ സാക്ഷിയായത്. തെരുവില്‍ ഇരുട്ട് വീണ് തുടങ്ങിയിട്ടും കലാകാരന്മാരുടെ സര്‍ഗസൃഷ്ടി തുടര്‍ന്നു. ഏറെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് കായക്കൊടിയുടെ ഗ്രാമീണ ജനത ഇവരെ വരവേറ്റത്. കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ‘തെരുവില്‍നിന്ന് തെരുവിന്റെ ചിത്രരചന’ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നീലിമ സത്യനാഥിന്റെ കൂടെ കായക്കൊടിയിലെ ചിത്രകാരന്‍ മനോജ് മൊണാലിസയുടെ അതിഥികളായാണ് ഇവര്‍ കുറ്റ്യാടിയിലെ കായക്കൊടിയില്‍ എത്തിയത്. ബറോഡ സര്‍വകലാശാലയില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥി സംഘത്തിലുള്ള മേഘ്‌ന (ഛത്തീസ്ഗഡ്), ചില്‍ക്കന്‍ (ഗുജറാത്ത്), സുമിത് (മഹാരാഷ്ട്ര), ഹേമജ് (ഗുജറാത്ത്), നീലിമ സത്യനാഥ് (കേരളം), ദിനീഷ് ( ഗുജറാത്ത്), സീതാലക്ഷ്മി എന്നിവര്‍ കായക്കൊടിയില്‍ തെരുവിന്റെ വിവിധ ഭാവങ്ങളും രൂപങ്ങളും തങ്ങളുടെ ക്യാന്‍വാസില്‍ കോറിയപ്പോള്‍ കാഴ്ചക്കാരായ ആസ്വാദകര്‍ക്ക് ആശ്ചര്യമായി.
