ഭാവനയുടെ അനുഭവം കണ്ണ് തുറപ്പിക്കുമോ..?

  • Post category:news
  • Reading time:2 mins read
You are currently viewing ഭാവനയുടെ അനുഭവം കണ്ണ് തുറപ്പിക്കുമോ..?

എഡിറ്റോറിയല്‍: പ്രശസ്ത നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിന്റെ പൊതു മനസ്സ് അങ്ങേയറ്റം ഉത്കണ്ഠാകുലമാണ്. സംസ്ഥാനത്തെ ഒരു സെലിബ്രിറ്റിയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്തായിരിക്കും? സൗമ്യയുടെയും ജിഷയുടെയും ദുരന്ത മരണങ്ങള്‍ ഉളവാക്കിയ ആകുലതയില്‍ നിന്നും വ്യാകുലതയില്‍ നിന്നും കേരളീയ സമൂഹം ഇനിയും കര കയറിയിട്ടില്ല. സ്ത്രീ മഹത്വത്തെക്കുറിച്ചും അവളുടെ സുരക്ഷയെക്കുറിച്ചും മറ്റും പേര്‍ത്തും പേര്‍ത്തും ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന പ്രബുദ്ധരായ കേരളീയരും ഭരണകൂടവും ഇത്തരുണത്തില്‍ നെഞ്ചില്‍ കൈവെച്ച് ഒരു ആത്മ പരിശോധന നടത്തിയേ തീരു.

സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമായി കഴിയാന്‍ സാധിക്കാത്ത നിലയിലേക്കാണ് ആസുരമായ കേരളീയ സാമൂഹ്യ പശ്ചാത്തലം നീങ്ങിക്കൊണ്ടിരിക്കുന്നത്. വഴിയാത്രക്കിടയിലും വാഹനയാത്രക്കിടയിലും പൊതു ഇടങ്ങളിലും ഡെമോക്ലിസ്സിന്റെ വാളുപോലെ സ്ത്രീകള്‍ ഏത് നിമിഷവും അപമാനിക്കപ്പെടുകയോ ആക്രമണത്തിന് വിധേയരാകുകയോ ചെയ്യപ്പെടാം എന്നതാണ് അവസ്ഥ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാളത്തിലും തെന്നിന്ത്യയിലും പേരെടുത്ത പ്രമുഖ ചലച്ചിത്രതാരം ഭാവനക്കുണ്ടായ ദുരനുഭം.

തൃശൂരിലെ സിനിമാ ഷൂട്ടിങിനുശേഷം രാത്രിയില്‍ കൊച്ചിയിലേക്ക് പോകുമ്പോഴാണ് നടിക്കുനേരെ ആക്രമണം അരങ്ങേറിയത്. സംഭവ സമയത്ത് നടിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് അവരെ മാനസികമായും ശാരീരികമായും വേദനിപ്പിച്ചത്. മാനഭംഗശ്രമത്തിലൂടെ അപമാനിതയും ദുഃഖാകുലയുമായ മലയാളത്തിന്റെ പ്രിയ നടി ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് സംസ്‌കാര ശൂന്യരായ ആ നരാധമന്മാരില്‍ നിന്ന് ഒടുവില്‍ ഒരുവിധം രക്ഷപ്പെട്ടത്.

നടിയെ സംഘം ചേര്‍ന്ന് അപമാനിച്ച സംഭവത്തില്‍ അങ്ങേയറ്റം ഗൗരവത്തോടെ കേസന്വേഷണം നടത്തുകയാണെന്ന കാര്യം കേരളീയ ജനതയെ സന്തോഷിപ്പിക്കുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട മറ്റെല്ലാവരും ഇക്കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി അഭിനന്ദനീയമാണ്. മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടി മാതൃകാപരമായി ശിക്ഷിക്കുമ്പോള്‍ മാത്രമേ നീതിയും നിയമവും വേണ്ടരീതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് നമുക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ. നടിയെ സംഘം ചേര്‍ന്ന് തട്ടി കൊണ്ടുപോയതിനും അപമാനിച്ചതിനും പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അനുക്രമം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊതു ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖ വ്യക്തികളും താര സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റ് ഇന്നസെന്റ് എംപിയും ഉള്‍പ്പെടെ ഒട്ടേറെപേര്‍ നടിയെ അപമാനിച്ച സംഭവത്തില്‍ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും മാഫിയകളും ചേര്‍ന്ന് കൈയിലെടുത്ത് അമ്മാനമാടാനുള്ളതാണോ പേരും പെരുമയും ഉള്ള സര്‍ഗ്ഗ പ്രതിഭകളായ ചലച്ചിത്ര താരങ്ങളുടെ വ്യക്തിത്വം? അതേസമയം മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം സാധാരണക്കാരില്‍ സ്വാഭാവികമായും പ്രയാസം ഉളവാക്കുന്നു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ചലച്ചിത്രലോകത്തെ ചില കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സ്വകാര്യമായി പറഞ്ഞു കേള്‍ക്കുന്നത്. അക്രമ സംഭവത്തില്‍ ഉള്ളാലെ സന്തോഷിക്കുന്നവരും ഉണ്ടെന്നുകേള്‍ക്കുന്നു. ‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു’ എന്ന പറച്ചില്‍ പോലെ ഈ സംഭവത്തിന് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞുകിടന്ന് ദുര്‍ഗന്ധം വമിപ്പിക്കുന്നുണ്ട്. എന്തായാലും നടിയെ അപമാനിച്ചതിന് പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. സമയമാകുമ്പോള്‍ സത്യങ്ങളെല്ലാം മറനീക്കി പുറത്തു വരുമോ? കണ്ടറിയുക മാത്രം…

0Shares