ഭാഗ്യം കനിഞ്ഞു; പക്ഷെ, ലക്ഷപ്രഭുവിനെ കാണ്‍മാനില്ല.!

  • Post category:news
  • Reading time:1 min read
You are currently viewing ഭാഗ്യം കനിഞ്ഞു; പക്ഷെ, ലക്ഷപ്രഭുവിനെ കാണ്‍മാനില്ല.!

തൃശൂര്‍: ഓര്‍മ്മിക്കുക, ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല അവസരങ്ങളും നിങ്ങള്‍ക്ക് നഷ്ടമാകും. ഭാഗ്യം നിര്‍ഭാഗ്യവുമായി മാറും. അതിന്റെ ഒരു ദൃഷ്ടാന്തമിതാ- ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച തൃശൂരില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി ചഞ്ചലിന്റെ അനുഭവം… സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയ്ക്ക് അര്‍ഹനായെങ്കിലും പണം കൈപ്പറ്റാന്‍ കഴിയാതെ നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നിരിക്കുകയാണ് ഈ യുവാവിന്. തിരിച്ചറിയല്‍ രേഖകളൊന്നും കയ്യിലില്ലാത്തതാണ് യുവാവിനെ ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് സ്വദേശത്തേക്ക് ചഞ്ചല്‍ വണ്ടി കയറി. നാട്ടില്‍ പോയിട്ട് ഒരാഴ്ച കഴിയുന്നു. തിരിച്ചറിയല്‍ രേഖയുമായി പെട്ടെന്ന് മടങ്ങിയെത്തുമെന്നു സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വിവരമൊന്നുമില്ല. നാടുവിട്ടുപോയ ലക്ഷപ്രഭു മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ ബാങ്കില്‍ കാത്തിരിക്കുകയാണു സമ്മാനാര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റ്.

ചേറൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ഇമേജ് ലക്കി’ സെന്ററില്‍ നിന്ന് രണ്ടാഴ്ച മുന്‍പു വിറ്റുപോയ പൗര്‍ണമി ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമടിച്ചത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും അടക്കമുള്ള രേഖകള്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും കയ്യിലില്ലാത്തതിനാല്‍ താന്‍ അസമിലേക്കു മടങ്ങിപ്പോവുകയാണെന്നും താമസിയാതെ മടങ്ങിയെത്തുമെന്നും ചഞ്ചല്‍ പറഞ്ഞിരുന്നു. എന്നാല്‍, ചഞ്ചലിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ലോട്ടറി ടിക്കറ്റ് ബാങ്കിന്റെ ഏതു ശാഖയിലാണ് ഏല്‍പ്പിച്ചതെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ല. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കും മറ്റുമായാണ് ഇയാള്‍ കേരളത്തിലെത്തിയത്. അസമില്‍ എവിടെയാണ് ഇയാളുടെ വീടെന്നോ വിലാസമേതെന്നോ അറിയാത്തതിനാല്‍ ഈ നിര്‍ഭാഗ്യവാനെ അന്വേഷിച്ചു കണ്ടെത്താന്‍ മാര്‍ഗമില്ലാതെ കുഴഞ്ഞിരിക്കുകയാണ് അധികൃതര്‍. ആവശ്യമായ രേഖകളുമായി ചഞ്ചല്‍ ഒരിക്കലും ബാങ്കില്‍ എത്തുന്നില്ലെങ്കില്‍ ഇയാള്‍ക്ക് ലക്ഷപ്രഭു ആകാനുള്ള യോഗം ഉണ്ടാവില്ല.

0Shares