
പിലിക്കോട് (കാസര്‍കോട്): പതിനായിരങ്ങള്‍ക്ക് ദര്‍ശനസായുജ്യമേകി വേങ്ങക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു. ഇതോടെ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തിലെ 21 വര്‍ഷങ്ങക്ക് ശേഷം നടന്ന പെരുങ്കളിയാട്ടത്തിന് സമാപനവുമായി. ക്ഷേത്ര മുറ്റത്തേക്ക് ഒഴുകിയെത്തിയ ഭക്തമാനസങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര മുറ്റത്ത് തിരുനര്‍ത്തനമാടി.

ഭഗവതിയുടെ കോലം ധരിച്ച് തിരുമുടിയണിഞ്ഞ് ദേവചൈതന്യം ആവാഹിച്ച് വേങ്ങക്കോട്ട് ഭഗവതിയായി ക്ഷേത്ര തിരുനടയില്‍ നര്‍ത്തനം ചെയ്തു. പുലര്‍ച്ചെ മുതല്‍ ദേവിയുടെ തിരുപ്പുറപ്പാടിന്റെ കാഹളമോതി ഉപദേവതമാര്‍ നിറഞ്ഞാടി കളമൊഴിഞ്ഞു. കലവറയില്‍ കൂടിയ വാല്യക്കാര്‍ മേലേരി കൈയ്യേറ്റതോടെ ദേവിയുടെ ഉറ്റ ചങ്ങാതി വൈരാ പുരത്ത് വടക്കും കോടിയും ഗുളികനും വിഷ്ണു മൂര്‍ത്തിയും അരങ്ങിലെത്തി.

ശേഷം ജന്മകണിശന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിലെ കൈലാസക്കലിന് സമീപം അരങ്ങിലെത്തിയ ദേവിക്ക് ക്ഷേത്രം പ്രതിപുരുഷന്മാരും സ്ഥാനികരും മുന്നു തവണ വലീ വന്നു അരി ചാര്‍ത്തി. തുടര്‍ന്ന് 42 അടി നീളമുള്ള ദേവിയുടെ പടുകൂറ്റന്‍ തിരുമുടി ഉയര്‍ന്നു. തിരുമുറ്റത്ത് വാദ്യഘോഷങ്ങളോടെ ഭഗവതി നിറഞ്ഞാടിയപ്പോള്‍ ആയിരങ്ങള്‍ക്ക് അത് ദര്‍ശനസൗഭാഗ്യവും അനുഗ്രഹവുമായി. കരക്കക്കാവ് ഭഗവതി ക്ഷേത്രം കലശത്തിന്റെയും നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രം സ്ഥാനികരുടെയും വാല്യക്കാരുടെ ആരവങ്ങളുടെയും അകമ്പടിയില്‍ ദേവി ചെണ്ടയുടെ രൗദ്രതാളത്തില്‍ മൂന്നു തവണ ക്ഷേത്രത്തിന് വലം വെച്ചു.

വിഷ്ണു മൂര്‍ത്തിയും, ഭാഷയില്ലാത്തവന്‍ ഗുളികനും കൂടി പ്രദക്ഷിണത്തില്‍ അണിനിരന്നതോടെ മലനാട് കാണാന്‍ മോഹിച്ച് ആയിരം തോഴിമാര്‍ക്കൊപ്പം മരക്കലമേറിയ ഐതീഹ്യത്തിന്റെ പുനരാഖ്യാനമായി ചടങ്ങ്. ഇതോടെ ആറു നാളുകളിലായി ഒരു ദേശത്തെ മുഴുവന്‍ ഭക്തിയിലാറാടിച്ച പെരുങ്കളിയാട്ടത്തിനും ധന്യ പരിസമാപ്തിയായി. സമാപന ഭാഗമായി വന്‍ തിരക്കാണ് അന്നദാനത്തിനും അനുഭവപ്പെട്ടത്. കളിയട്ട സമപന ഭാഗമായി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
