കാഞ്ഞങ്ങാട്: ബൈക്ക് അപകടത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ പനത്തടി പുലിക്കടവ് സ്വദേശി വാക്കില്ലത്ത് കിഴക്കേതില്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ നെല്ലിത്തറ എച്ച്.ആര്‍.ഡി പരിശീലന കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. അപകടം നേരിട്ടുകണ്ട ഒരു പോലിസുകാരന്‍ ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്ക് പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.
ഒരാഴ്ച മുമ്പ് നടന്ന ബൈക്കപകടത്തെ തുടര്‍ന്ന് വീട്ടില്‍ മൂന്നുദിവസമായി വിശ്രമത്തിലായിരുന്നു മധു. ചൊവ്വാഴ്ച വൈകീട്ട് വീണ്ടും ജി.ഡി യായി ജോലിക്കെത്തുകയായിരുന്നു. ഉച്ചയോടെ പുതിയ വീടു പണിയുന്നതുമായി ബന്ധപ്പെട്ട് എഞ്ചിനീയരെ കാണാനുള്ള തിരക്കിലായിരുന്നു. കാഞ്ഞങ്ങാട്ട് വച്ച് എഞ്ചിനിയരുമായി സംസാരിച്ച് തിരിച്ചുവരുന്നതിനിടേയാണ് അപകടം. പനത്തടി സ്വദേശിയായ മധു അമ്പലത്തറയിലെ പോലിസ് ക്വാട്ടേഴ്‌സിലാണ് താമസിച്ചുവരുന്നത്. ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.
ബൈക്ക് തെന്നിവീണ് അമ്പലത്തറ സ്റ്റേഷനിലെ പോലിസുകാരന്‍ മരിച്ചു; മധു യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി