
കാസര്‍കോട്: ബെള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും ഹോമിയോ ഡിസ്പെന്‍സറിയുടെയും പുതിയ കെട്ടിടങ്ങള്‍ റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കിന്നിംഗാറില്‍ പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു മുഖ്യാതിഥിയായിരുന്നു. ആര്‍ദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ബെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് നില കെട്ടിടമാണ് പുതിയതായി നിര്‍മ്മിച്ചത്. ഇതിലേക്ക് കൂടുതലായി ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കും.

ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് ഹോമിയോ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. നേരത്തെ സ്വകാര്യ കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ ഒരു ഡോക്ടറുടെ സേവനം ലഭ്യമാണ്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് എം. ലത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എ. പി ഉഷ, അഡ്വ. കെ. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സത്യവതി സി. റൈ, എം ശ്രീധര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വി പുരുഷോത്തന്‍, നബാര്‍ഡ് എ. ജി. എം ജ്യോതിഷ് ജഗന്നാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമ സുബ്രഹ്മണ്യം,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
