
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, കടുത്ത വർഗീയ പരാമർശവുമായി മുസഫർനഗർ ബി.ജെ.പി സ്ഥാനാർത്ഥി. യു.പിയിലെ മുസഫർനഗറിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാൻ ആണ് ബുർഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താൻ വരുന്നവരെ തടയണമെന്ന് പറഞ്ഞത്. ചില നഗരങ്ങളിൽ വ്യാജ വോട്ടുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി പറഞ്ഞ ബല്യാൻ, ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി.

വോട്ട് ചെയ്യാന്‍ മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൻ പറഞ്ഞു. ആകെ16 ലക്ഷം വോട്ടർമാരുള്ള മുസാഫർനഗറിൽ അഞ്ച് ലക്ഷം മുസ്‍ലിംകളാണുള്ളത്. ജാട്ട്, ജാദവ്, ഒ.ബി.സി ഉൾപ്പടെ 11 ലക്ഷം ഹിന്ദു വോട്ടർമാരും മണ്ഡലത്തിലുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മുസാഫർനഗറിൽ, മായാവതി, അഖിലേഷ് പിന്തുണയോടെ മത്സരിക്കുന്നത് മുതിർന്ന രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിംഗ് ആണ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.
