എഡിറ്റോറിയല്‍: ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സല്‍ഭരണം കാഴ്ചവെക്കുമെന്ന് പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷ കാലത്തിനുള്ളില്‍ ജനകോടികളെ പലവിധത്തില്‍ കഷ്ടപ്പെടുത്തുകയുണ്ടായി. ജനക്ഷേമകരമാകുമെന്ന് അവകാശപ്പെടുകയും ഉറപ്പ് നല്‍കുകയും ചെയ്ത പല നടപടികളും നയങ്ങളും ഒടുവില്‍ ജനദ്രോഹകരമായി പരിണമിച്ചു എന്നുള്ളതാണ് പരമാര്‍ത്ഥം. നോട്ട് അസാധുവാക്കലിലൂടെ ആസേതുഹിമാചലമുള്ള ജനകോടികളുടെ വയറ്റത്തടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് തോന്നിപ്പോകുക സ്വാഭാവികം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ മറ്റൊരു രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത്. സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ അരിയുന്ന തരത്തിലുള്ള എന്തൊക്കെയോ സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളാകവെ ഏതോ ഒരു ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. നാളെ എന്ത് സംഭവിക്കും എന്ന ഭയാശങ്കകള്‍ ജനങ്ങളില്‍ പടരുന്നു. എങ്ങനെ ചിന്തിക്കണം, എന്ത് സംസാരിക്കണം, ഏത് തരത്തിലുള്ള ഭക്ഷണം കഴിക്കണം, ആരുമായി കൂട്ട് കൂടണം എന്ന് തുടങ്ങി അനേകം താക്കീതുകള്‍, വിലക്കുകള്‍, ശാസനകള്‍, ഭീഷണികള്‍…ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഇത്തരം തിട്ടൂരങ്ങള്‍ ഈ രാജ്യത്തെ വെളിച്ചത്തിലേക്കല്ല മറിച്ച് ഇരുട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങുകള്‍ തീര്‍ത്ത് ജനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് മോദി സര്‍ക്കാറിന്റെ ശ്രമം എന്ന കാര്യം പകല്‍ പോലെ പരസ്യമായ ഒരു രഹസ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഫാസിസവും സ്വേച്ഛാധിപത്യവും വിതക്കാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ നീക്കമെങ്കില്‍ അതിനെ ഏത് വിധേനയും ചെറുത്ത് തോല്‍പ്പിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്. ഭരണത്തിന്റെയും അധികാരത്തിന്റെയും മത്ത് പിടിച്ച ഭരണാധികാരികള്‍ കാലം മാറി വരുമെന്നും കാറ്റിന്‍ ഗതി മാറുമെന്നും ഓര്‍ക്കുന്നത് നന്ന്. നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന പല പരിഷ്‌കാരങ്ങളും പരിഷ്‌കരണങ്ങളും ചില കേന്ദ്രങ്ങളില്‍ രൂപംകൊള്ളുന്ന അജണ്ടകളുടെ തീരുമാന പ്രകാരമാണ്. അത്തരമൊരു തീരുമാനമാണ് കശാപ്പിനുള്ള കാലി വില്‍പ്പന നിരോധനം. പശു, പശുക്കിടാവ്, കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വളര്‍ത്താന്‍ വേണ്ടി മാത്രമേ ഇനി മേലില്‍ വില്‍ക്കാവൂ എന്നാണ് കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറെ നാളുകളായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന് ആക്കം പകര്‍ന്ന് കൊണ്ടാണ് ഇപ്പോള്‍ കശാപ്പിനുള്ള കാലി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ കൈവെച്ചിട്ടുള്ളത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമനടപടികള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് തുല്യമാകരുത് എന്നുമാത്രം. ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിലല്ല, മറിച്ച് ജനോപകാരപ്രദമായ രീതിയിലാവണം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെല്ലാം. ജനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെയുള്ള തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. നട്ട കൈകള്‍ കൊണ്ട് തന്നെ പൊരിച്ച് ചാടാനും ജനങ്ങള്‍ വിചാരിച്ചാല്‍ എളുപ്പമാണ്.! അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച മോദി സര്‍ക്കാര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നന്ന്; ജനാധിപത്യത്തിന്റെയും മതമൈത്രിയുടെയും സ്വാതന്ത്ര്യത്തിന്റെയും കളിത്തൊട്ടിലായ ഈ രാജ്യം ആരുടെയും തറവാട്ട് സ്വത്തല്ല; ഇത് ഒരു വെള്ളരിക്കാ പട്ടണവുമല്ല…