കാസര്‍കോട്: മുസ്ലിംലീഗിന്റെ മറ്റുനേതാക്കളെ അപേക്ഷിച്ച് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ചെറുത്തുനില്‍പുകള്‍ നടത്തിയയാളാണ് അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന ട്രഷററും മുന്മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള. കര്‍ണാടകത്തോട് ഏറെ അടുത്തുനില്‍ക്കുന്ന കാസര്‍കോട് കേരളത്തില്‍ മറ്റേത് ജില്ലകളെക്കാളും സംഘപരിവാര്‍ ശക്തികള്‍ക്ക് കെ.സുരന്ദ്രന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുണ്ടായ ജില്ലയാണ്. 1991ലും 96ലും ബിജെപിയുടെ പരാജയം ചെര്‍ക്കളത്തിന്റെ തന്ത്രങ്ങളുടെ വിജയമായിരുന്നു. കര്‍ണാടകത്തിലെ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും സ്വാധിനം ചെലുത്തുന്ന അതിര്‍ത്ഥി ജില്ലയായ കാസര്‍കോട് സംഘപരിവാര്‍ ശക്തികള്‍ക്ക് പ്രത്യേകിച്ച് ബിജെപിക്കും ആര്‍എസ്എസിനും നല്ല വേരോട്ടമുണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റെങ്കിലും ബിജെപി നേതൃത്വം കാസര്‍കോട് നിന്ന് പ്രതീക്ഷിക്കാറുണ്ട്. എന്നാല്‍ ബിജെപിക്ക് തോല്‍വി സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഇടതുപക്ഷ അനുഭാവികളെ കൂടെക്കൂട്ടി ബിജെപിയെ തോല്‍പ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് ചുമതലകള്‍ എക്കാലവും ചെര്‍ക്കളം അബ്ദുള്ളയെ ഏല്‍പ്പിക്കുമായിരുന്നു. ഏറ്റവും അവസാനം മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിവരെയെത്തിയ തന്ത്രം. 2006 വരെ താന്‍ തുടര്‍ച്ചയായി പ്രതിനിധാനം ചെയ്ത മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പി.ബി അബ്ദുല്‍ റസാഖിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചത് ചെര്‍ക്കളം അബ്ദുള്ളയെന്ന നിശബ്ദവിപ്ലവകാരിയുടെ തന്ത്രങ്ങളായിരുന്നു. 
എക്കാലവും ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ ഏക മണ്ഡലമായിരുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് 1987 മുതല്‍ തുടര്‍ച്ചയായി നാലുതവണ ചെര്‍ക്കളം അബ്ദുള്ള വിജയിച്ചിട്ടുണ്ട്. 2006- ല്‍ സിപിഎമ്മിലെ കുഞ്ഞമ്പുവിനോട് പിഴവുപറ്റി. പിന്നീടദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും എല്ലാ തന്ത്രങ്ങളും മെനഞ്ഞ് നിര്‍ണ്ണായക ബുദ്ധികേന്ദ്രമായുണ്ടായിരുന്നു. അതിര്‍ത്ഥി ജില്ലയില്‍ അടുത്ത കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ആ സമവാക്യം കാണാനാകും. സംഘപരിവാര്‍ ഫാസിസ്റ്റ് റ്വിരുദ്ധ വേദികളില്‍ ഒരിക്കലും വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നയാളായി ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല.
മൈതാനത്ത് ജനങ്ങള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ചെര്‍ക്കളത്തിന്റെ നിര്യാണത്തിലൂടെ മുസ്ലിംലീഗിനും യുഡിഎഫിനും നഷ്ടമാകുന്നത് കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങ ളുടെ ആചാര്യനേതാവിനെയാണ്. കേവലമൊരു മുസ്ലിംലീഗ് നേതാവിനെ മാത്രമല്ല സംഘപരിവാറിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ പോരാളിയെ കൂടിയാണ് ചെര്‍ക്കളത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.