
തിരുവനന്തപുരം: ബി.ജെ.പിയെ വളര്‍ത്തി യു.ഡി.എഫിനെ ക്ഷീണിപ്പിക്കാനുള്ള പിണറായി വിജയന്‍റെ ദുഷ്ടലാക്കിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആരുടെ വോട്ടാണ് ബി.ജെ.പിക്ക് പോയതെന്ന് സി.പി.എം ആത്മപരിശോധന നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരില്‍ 16 പേര്‍ക്കും ജനപിന്തുണ നഷ്ടപ്പെട്ടു. ആലപ്പുഴയിലെ തോല്‍വി പരിശോധിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്നായിരുന്നു രമേശ് ചെന്നിത്തല ഫലം വന്നതിന് പിന്നാലെ പ്രതികരിച്ചത്. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വര്‍ഗീയതയ്ക്ക് എതിരായി യു.ഡി.എഫ് പേരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവ് ആണ് പിണറായി എന്ന് പരിഹസിച്ച രമേശ് ചെന്നിത്തല, ബി.ജെ.പി.ക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും പറഞ്ഞു. പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍.ഡി.എയെ തോല്‍പിക്കാമായിരുന്നു, അതിന് തുരങ്കം വച്ചത് കേരളത്തിലെ സി.പി.എം നേതാക്കളാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ചരിത്രത്തില്‍ ഇതുവരെ ഇടതുപക്ഷം നേരിടാത്ത പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
