
കാഞ്ഞങ്ങാട് (കാസർകോട്): ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്‍റെ (J.C.I) കാഞ്ഞങ്ങാട് ചാപ്റ്റർ സംഘടിപ്പിച്ച ജേസീസ് വാരാഘോഷത്തിന്‍റെ സമാപന ചടങ്ങ് 19 ന് വൈകീട്ട് 7 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടക്കും. ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സെനറ്റർ അഡ്വ. ജോമി ജോസഫ് മുഖ്യാതിഥിയും കാഞ്ഞങ്ങാട് ചാപ്റ്റർ പ്രസിഡണ്ട് ഇ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിക്കും.

ചടങ്ങിൽ കാഞ്ഞങ്ങാട് മേഖലയിലെ ബിസിനസ് രംഗത്ത് അതുല്യമായ നേട്ടങ്ങൾ കൈവരിച്ച 5 പേരെ പഞ്ചരത്ന പുരസ്ക്കാരം നൽകി ആദരിക്കും. കാഞ്ഞങ്ങാട് ലയൺ ജിംനേഷ്യം ഉടമയും പഞ്ചഗുസ്തി ചാമ്പ്യനുമായ എം.വി.പ്രതീഷിന് ഔട്ട് സ്റ്റാന്റിങ്ങ് യംങ്ങ് പേർസൺ അവാർഡും കാഞ്ഞങ്ങാട് ശ്രീദേവി സിൽക്സ് ഉടമ വിനീതക്ക് ഔട്ട് സ്റ്റാന്റിങ്ങ് വിമൻ എന്റർപ്രണർ അവാർഡും നൽകി ആദരിക്കും.
നഗരത്തിലെ റിയൽ ഹൈപ്പർ മാർക്കറ്റ്, ഇമാനുവൽ സിൽക്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ സി.പി.ഫൈസലിന് ബിസിനസ് എക്സലൻസ് അവാർഡ് നൽകും. ഡിസൈൻ ഡിജിറ്റൽ പ്രിന്റിംഗ് ഹൗസ് ഉടമ സമീർ ഡിസൈൻസിന് എമർജിംഗ് യംഗ് ബിസിനസ്മെൻ അവാർഡ് നൽകും. അംബികാ ബാറ്ററി പാലസ് ഉടമയും ജേസീസ് അംഗവുമായ കെ.വി.ദിനേശന് കമൽ പത്ര പുരസ്ക്കാരം നൽകി ആദരിക്കും. ഇതോടൊപ്പം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കാഞ്ഞങ്ങാട് ജേസീസ് സെക്രട്ടറിയുമായ പി.സത്യനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.
