
കാസർകോട്: ജില്ലയിലെ ജനറൽ ആസ്പത്രിയിൽ എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി പണികള്‍ തുടങ്ങിയ കെട്ടിടത്തിന്‍റെ നിർമാണം നിർത്തുന്നു. ചെലവിലെക്കുള്ള ബില്ലുകൾ പാസ്സായിവരാത്തതിനാലുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ജനുവരി ഒന്നുമുതൽ പണി നിർത്താനാണ് കരാറുകാരന്‍ തീരുമാനിച്ചിരിക്കുന്നത്.
എട്ടുകോടിയോളം രൂപ ചെലവിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എട്ട് നില കെട്ടിടത്തിന്‍റെ അഞ്ചാംനിലയുടെ കോൺക്രീറ്റിങ് ജോലികൾ ഇതുവരെ പൂർത്തിയായിട്ടുണ്ട്. 36,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ രണ്ടുവീതം ലിഫ്റ്റും ഗോവണിയും പണിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായിൽ തുടങ്ങിയ പ്രവൃത്തി 2020 ജൂലായിൽ പൂർത്തീകരിക്കാനാണ് കരാർ. കാരാറുകാരനായ എം.എ.നാസർ ഇതുവരെ അഞ്ച് കോടിയോളം രൂപ കെട്ടിടനിർമാണത്തിനായി ചെലവഴിച്ചു.

ഇതില്‍ തന്നെ മൂന്നുകോടിയോളം രൂപ വായ്പയെടുത്താണ് പണി ആരംഭിച്ചത്. ഈ തുകയുടെ തിരിച്ചടവടക്കം മുടങ്ങിയതോടെയാണ് കരാറുകാരൻ പ്രതിസന്ധിയിലായത്. ഇതുവരെ രണ്ടുതവണയാണ് ബില്ലുകൾ പാസായി വന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് അവസാന ബിൽ പാസ്സായത്. ഈ വകയില്‍ ആകെ 1.80 കോടി ലഭിച്ചു. ഇതിനുശേഷം സെപ്തംബറിൽ തയ്യാറാക്കി അയച്ച ബില്ലുകൾ മൂന്നുമാസമായിട്ടും പാസ്സായിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ആഴ്ചകൾകൊണ്ട് ബില്ലുകൾ പാസ്സായിടത്താണ് ഈ കാലതാമസം’’, കരാറുകാരൻ എം.എ.നാസർ പറഞ്ഞു.
അതേസമയം ബില്ലുകൾ എൽ.എസ്.ജി.ഡി. എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും കളക്ടർക്കും അവിടെ നിന്ന് നബാർഡ് സെലില്ലും എത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് ബില്ലുകൾ പാസായി വരേണ്ടത്.
