
കാസര്‍കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് ഊരി കെ. എസ്. ഇ. ബി അധികൃതര്‍. ബില്ലടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെ. എസ്. ഇ. ബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. വൈദ്യുതി വകുപ്പില്‍ കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

വില്ലേജ് ഓഫീസര്‍മാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ സമ്മതിക്കുകയും ചെയ്തു. പക്ഷെ സെപ്റ്റംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തീയതിയും വന്നതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു. അപ്പോഴാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്.അതോടുകൂടി വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടച്ചു. തുടർന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയായിരുന്നു.
