ബിന്‍ലാദന്റെ താവളമായ തോറാ ബോറാ മലനിരകള്‍ ഐസിസ് പിടിച്ചെടുത്തതായി സംശയം: ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ അഫ്ഗനിസ്ഥാനിലുള്ളതായി സൂചന.

  • Post category:news
  • Reading time:1 min read
You are currently viewing ബിന്‍ലാദന്റെ താവളമായ തോറാ ബോറാ മലനിരകള്‍ ഐസിസ് പിടിച്ചെടുത്തതായി സംശയം: ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ അഫ്ഗനിസ്ഥാനിലുള്ളതായി സൂചന.

കാബൂള്‍: അമേരിക്കയുടെ എക്കാലത്തെയും പേടി സ്വപ്‌നമായിരുന്ന അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന തോറ ബോറ എന്ന മലനിരകള്‍ നിറഞ്ഞ സ്ഥലം ഐസിസ് കീഴടക്കി എന്ന് റിപ്പോര്‍ട്ട്. താലിബാന് സ്വാധീനം ഉണ്ടായിരുന്ന മേഖലയായിരുന്ന തോറാ ബോറ ഐസിസ് പിടിച്ചെടുക്കുകയായിരുന്നു എന്നാണ് വിവരങ്ങള്‍. ഐസിസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളത് എന്നും റിപ്പോര്‍ട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍ നിന്ന് ഒളിവില്‍ കഴിഞ്ഞിരുന്നത് തോറ ബോറയില്‍ ആയിരുന്നു. ഈ താവളത്തില്‍ നിന്നും ബിന്‍ലാദനെ പിടിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിനും വഴിമരുന്നിട്ടത് തോറ ബോറ മലനിരകള്‍ ആയിരുന്നു എന്ന് പറയാം. പക്ഷേ ഈ ദൗത്യത്തില്‍ അമേരിക്ക പരാജയപ്പെടുകയായിരുന്നു.ഇറാഖിനും സിറിയക്കും ശേഷം ഐസിസ് ഏറ്റവും അധികം ശക്തി നേടിയിട്ടുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഇവിടെ താലിബാനുമായും ഐസിസ് പോരാട്ടത്തിലാണ്. കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ ഐസിസും താലിബാനും തമ്മില്‍ ശക്തമായ യുദ്ധമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസിന്റെ നിയന്ത്രണത്തിലുള്ള ഖിലാഫത്ത് റേഡിയോ സ്റ്റേഷനില്‍ നിന്നാണ് തോറ ബോറ മലനിരകള്‍ പിടിച്ചെടുത്തു എന്ന സന്ദേശം പുറത്ത് വിട്ടിട്ടുള്ളത്. പാഷ്ചോ ഭാഷയില്‍ ആയിരുന്നു സന്ദേശം. തോറ ബോറ മലനിരകള്‍ മാത്രമല്ല, പ്രദേശത്തെ പല ജില്ലകളും ഇപ്പോള്‍ ഐസിസിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതി രൂക്ഷമായ പോരാട്ടമാണ് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന 21 മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ ആണ് ഉള്ളത്. ഇവരില്‍ ചിലര്‍ അമേരിക്കയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തോറ ബോറ മലനിരകള്‍ പിടിച്ചെടുക്കാനുള്ള യുദ്ധത്തിലും കേരളത്തില്‍ നിന്നുള്ള ഐസിസുകാര്‍ പങ്കെടുത്തിരിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. അഫ്ഗാനിസ്ഥാനില്‍ ഐസിസ് ശക്തി പ്രാപിക്കുന്നത് ഇന്ത്യക്കും ഭീഷണിയാണ്. അഫ്ഗാന്‍ വഴി പാകിസ്താനിലും ശക്തി നേടാനുള്ള ശ്രമത്തിലാണ് ഐസിസ്. നിലവിലുള്ള പല ഭീകര സംഘങ്ങളേയും ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഐസിസ് ശക്തി നേടിക്കൊണ്ടിരിക്കുന്നത്.

0Shares