കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള കരാര്‍ ജോലികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നീണ്ടുപോകാതെ എത്രയുംവേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് (ഫ്രാക്) വാര്‍ഷിക ജനറല്‍ബോഡിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതോടൊപ്പം തുല്യപ്രാധാന്യത്തോടെ ശുദ്ധജല ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി നദീസംരക്ഷണ പ്രവര്‍ത്തനങ്ങളും ചെറുകിട തടയണ നിര്‍മ്മാണവും ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയോട് ദക്ഷിണ റെയില്‍വേ അനുവര്‍ത്തിച്ചുവരുന്ന അവഗണന അവസാനിപ്പിച്ച് പുതുതായി ആരംഭിക്കുന്ന ശതാബ്ദി എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുക, നിര്‍ദ്ദിഷ്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെയും ആശുപത്രി ബ്ലോക്കിന്റെയും നിര്‍മ്മാണ ജോലികള്‍ ത്വരിതപ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയും മറ്റ് ആനുകൂല്യങ്ങളും നടപ്പിലാക്കുന്ന കാര്യത്തില്‍ തുടരുന്ന പരാതികള്‍ ഒഴിവാക്കി കാര്യക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, മൈത്രീ ഭവനനിര്‍മ്മാണ പദ്ധതിയിലുള്ള കാലവിളംബം ഒഴിവാക്കി ഭവനനിര്‍മ്മാണ ജോലികള്‍ ആരംഭിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
ഫ്രാക് പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശോകന്‍ കുണിയേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.കെ.ഹുസൈന്‍ കണക്കുകളും അവതരിപ്പിച്ചു. സണ്ണി ജോസഫ്, ജി.ബി.വത്സന്‍ എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ അവതരിപ്പിച്ചു. കെ.വി.കുമാരന്‍, സുബിന്‍ ജോസ്, പി.ഇബ്രാഹിം, ബി.സി.കുമാരന്‍, പി.പ്രദീപ്, എ.സുബ്ബണ്ണ റൈ തുടങ്ങിയവര്‍ സംസാരിച്ചു. അശോകന്‍ കുണിയേരി സ്വാഗതവും കെ.വി.കുമാരന്‍ നന്ദിയും പറഞ്ഞു. ഫ്രാക് പുതിയ ഭാരവാഹികളായി എം.കെ.രാധാകൃഷ്ണന്‍, സണ്ണി ജോസഫ് (രക്ഷാധികാരികള്‍), ജി.ബി. വത്സന്‍ (പ്രസിഡണ്ട്), കെ.മുകുന്ദന്‍, കെ.വി.കുമാരന്‍, ഷീല ജെയിംസ് (വൈസ് പ്രസിഡണ്ടുമാര്‍), എം.പത്മാക്ഷന്‍ (ജനറല്‍ സെക്രട്ടറി), എ.സുബ്ബണ്ണ റൈ, കെ.ദിനേശന്‍, ജമീല അഹമ്മദ്, ഹസൈനാര്‍ നുള്ളിപ്പാടി (സെക്രട്ടറിമാര്‍), എം.എ.ഹുസൈന്‍ (ട്രഷറര്‍), രവീന്ദ്രന്‍ പിള്ള, ശശി (ഓഡിറ്റര്‍മാര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ബാവിക്കര സ്ഥിരം തടയണ: സാങ്കേതിക പ്രശ്നങ്ങള്‍ താമസംവിനാ പരിഹരിക്കുകയും ശുദ്ധജല ലഭ്യതക്കായി നദീസംരക്ഷണം നടത്തുകയും വേണമെന്ന് ഫ്രാക്