കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യുന്ന ബാവിക്കര സ്ഥിരം തടയണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കടുത്ത വീഴ്ച്ച കാട്ടിയ മുസ്ലിം ലീഗിനെ പാഠം പഠിപ്പിക്കാന്‍ ഇപ്പോള്‍ സി.പി.എമ്മിന് കൈവന്നിട്ടുള്ളത് ഒരു സുവര്‍ണ്ണാവസരമാണ്. പിന്നിട്ട കാലയളവില്‍ ഈ പദ്ധതിപ്രദേശം കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ പെടുന്നതായിരുന്നു. എന്നാല്‍ മണ്ഡലം പുനര്‍ വിഭജനത്തെ തുടര്‍ന്ന് ഇവിടവും ചുറ്റു വട്ടമുള്ള സ്ഥലവും ഉദുമ നിയമസഭാ മണ്ഡലത്തില്‍ പെടുന്നവയായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എല്‍.എമാരുടെ മണ്ഡലത്തില്‍പ്പെടുന്ന സ്ഥലമായി മാറിയിരിക്കുന്നു ബാവിക്കരയിലെ വിവാദ പദ്ധതി പ്രദേശം. അതുകൊണ്ട് തന്നെ മേലില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ രണ്ട് എം.എല്‍.എമാര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. കാസര്‍കോട് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്നും, ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമനും പരസ്പരം കൈകോര്‍ക്കുമെങ്കില്‍ പദ്ധതി സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്നാണ് ബഹുജനങ്ങള്‍ ഇപ്പോള്‍ ഏകസ്വരത്തില്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരില്‍ ഇത്രകാലവും സി.പി.എമ്മും ഇടതുമുന്നണിയും മുസ്ലിം ലീഗിനെയും കാസര്‍കോട് എം.എല്‍.എയേയും പല്ലും നഖവും ഉപയോഗിച്ച് നിരന്തരം ആക്രമിക്കുകയായിരുന്നു. ഉദുമ എം.എല്‍.എക്കു കൂടി ഇനിമേല്‍ ഈ ഉത്തരവാദിത്വം വന്നു ചേര്‍ന്നതിനാല്‍ ഇനിയുള്ളകാലം ഇടതുമുന്നണിയെയാണ് കാസര്‍കോടന്‍ ജനത ബാവിക്കര പദ്ധതിയുടെ കാര്യത്തില്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ നാളിതുവരെയായും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് ഉണര്‍ന്നു പ്രവര്ത്തിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എം.എല്‍.എയുടെ ഈ തണുപ്പന്‍ മനോഭാവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഒരു അഭിമാന പ്രശ്നമായി കണക്കിലെടുത്ത് കൊണ്ട് ബാവിക്കര സ്ഥിരം തടയണ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങുകയാണെങ്കില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ പിന്തുണക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നടത്തിയ ‘നവകേരള മാര്ച്ചിന’് മുന്നോടിയായി കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത കൂട്ടായ്മയില്‍ ബാവിക്കര പദ്ധതി ഗൗരവ പൂര്‍വ്വമാണ് വിശകലനം ചെയ്തത്. കാസര്‍കോട് ജില്ലയുടെ നിത്യ ദുഃഖമായ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ചും വേനല്‍ക്കാലത്ത് ഉപ്പ്വെള്ളം കുടിക്കേണ്ടി വരുന്ന ബാവിക്കര പദ്ധതിയെക്കുറിച്ചും അന്നത്തെ യോഗത്തില്‍ പങ്കെടുത്ത പല പ്രമുഖ വ്യക്തികളും പിണറായിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രശ്നത്തിന്റെ ഗൗരവം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പിണറായി മന്ത്രിസഭയില്‍ അംഗമായി മാറിയ കാസര്‍കോട് സ്വദേശി ഇ.ചന്ദ്രശേഖരനാണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന പോലെ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പ് വെള്ളത്തെക്കുറിച്ചും പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ബാവിക്കര തടയണ പദ്ധതിയെക്കുറിച്ചും നന്നായിട്ടറിയാവുന്ന ആളാണ്. അതുകൊണ്ട് തന്നെ ബാവിക്കരയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനവും നടപടിയും കൈക്കൊള്ളാന്‍ മന്ത്രി ചന്ദ്രശേഖരന് താല്‍പ്പര്യമെടുക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. അന്ന് സി.ടി അഹമ്മദലി മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാത്ത കാര്യം ഇന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പ്രത്യേക ശ്രദ്ധചെലുത്തി ചെയ്യുമെന്നാണ് കാസര്‍കോട്ട്കാര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തെങ്കിലും ബാവിക്കര സ്ഥിരം തടയണ നിര്‍മാണം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഇനിയൊരിക്കലും അത് പ്രവൃത്തി പഥത്തില്‍ എത്തില്ലെന്നാണ് കരുതേണ്ടത.് ഇക്കാര്യത്തില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എയും മന്ത്രി ഇ.ചന്ദ്രശേഖരനും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്നാണ് ജനങ്ങള്‍ പ്രത്യാശാപൂര്‍വ്വം ഉറ്റുനോക്കുന്നത്. ഒപ്പം എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എയുടെ നിലപാടും പ്രധാനമാണ്.