ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക് വീണ്ടും തിരിച്ചടി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക് വീണ്ടും തിരിച്ചടി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്ക് തിരിച്ചടി. കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്. അന്വേഷണ ഒദ്യോഗസ്ഥന്‍ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൂര്‍ണമായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം. വി.എസ്. അച്യുതാനന്ദന്‍, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എം.പി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്.ഇതോടെ കോടതിയില്‍, ബാര്‍ കോഴക്കേസില്‍ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാര്‍ കേസില്‍ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേര്‍ന്നവര്‍ വാദിച്ചത്. അതേസമയം ബാര്‍ കോഴക്കേസില്‍ സത്യം തെളിഞ്ഞെന്നും മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതിനെ സ്വാഗതം ചെയ്യുന്നതായും കേസിലെ പരാതിക്കാരന്‍ ബിജു രമേശ് പറഞ്ഞു. മാണി കുറ്റക്കാരന്‍ ആണെന്ന് കോടതിയ്ക്ക് മനസിലായിട്ടുണ്ട്. അതിനാലാണ് തുടരന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് വാദിച്ചത് കെ.എം.മാണിയ്ക്ക് വേണ്ടിയാണെന്നും ബിജു രമേശ് ആരോപിച്ചു.

0Shares