
ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ചെന്ന ആരോപണത്തില്‍ നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ അടിച്ചു തകര്‍ത്തത്.
ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത് റൂമില്‍ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി.

ഞായറാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു. ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പോലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്.
