ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കുരിശു യുദ്ധം ‘കുരിശാ’വരുതേ…!

  • Post category:news
  • Reading time:3 mins read
You are currently viewing ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കുരിശു യുദ്ധം ‘കുരിശാ’വരുതേ…!

എഡിറ്റോറിയല്‍: യു.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് നിറഞ്ഞ ഭരണത്തില്‍ നിരാശയും മടുപ്പും അമര്‍ഷവും പൂണ്ട കേരള ജനതക്ക് വലിയ പ്രതീക്ഷയും സമാശ്വാസവും പകര്‍ന്ന് കൊണ്ടാണ് 11 മാസം മുമ്പ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എല്ലാം ശരിയാകും,ശരിയാക്കും എന്ന ആഹ്വാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും വിശ്വാസവും ആര്‍ജ്ജിച്ചു കൊണ്ട് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്ര ജനങ്ങളില്‍ കടുത്ത ഇച്ഛാഭംഗമാണ് ഉളവാക്കിയിട്ടുള്ളത്. ഗവണ്‍മെന്റിന്റെ സാരഥിയായ പിണറായി വിജയനില്‍ നിന്നും നാം പ്രതീക്ഷിച്ചത് ഇത്തരത്തിലായിരുന്നില്ല. രാഷട്രീയ രംഗത്തെന്ന പോലെ ഭരണ സാരഥ്യ രംഗത്തും അദ്ദേഹം അസൂയാവഹമായ പ്രകടനവും മികവും തെളിയിക്കുമെന്നായിരുന്നു കേരളീയര്‍ പൊതുവെ പ്രതീക്ഷിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഒന്നാം പിറന്നാളിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നതാണ് പരമാര്‍ത്ഥം. ഒരു വര്‍ഷമാകുമ്പോഴും ‘സ്റ്റാര്‍ട്ടിങ് ട്രബിളില്‍’ തട്ടി ഭരണം ഏന്തി വലിയുകയാണ്. ഒന്നിന് പിറകെ മറ്റൊന്നായി ഓരോരോ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ കെട്ടി വരിയുന്നു. ആദ്യം മന്ത്രി ഇ.പി ജയരാജന്റെ രാജിയില്‍ കലാശിച്ച ദുരന്തത്തോടെ മന്ത്രിസഭയുടെ ശനിപ്പിഴ തുടങ്ങുകയായിരുന്നു. അതിന് തൊട്ട് പിറകെ ലക്ഷ്മിനായരും ലോ അക്കാദമി പ്രശ്‌നവും പടി കടന്നെത്തി. അത് കഴിയുമ്പോള്‍ തൃശൂര്‍ പാമ്പാടി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണവും അമ്മ മഹിജയുടെ ധര്‍മ്മ സമരവും. തൊട്ട് പിറകെ എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് വഴിവച്ച വിവാദങ്ങള്‍. അത് കഴിയുമ്പോഴേക്കും ഇടുക്കിയിലെ മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കവും വാദകോലാഹലങ്ങളും. ഇത്തരം കീറാമുട്ടികള്‍ പരിഹരിക്കുന്നതിനിടയില്‍ ഭരണം നിര്‍ജ്ജീവവും ഗതി വേഗം കുറഞ്ഞതുമായി പരിണമിക്കുന്നു. സെക്രട്ടേറിയേറ്റ് മുതല്‍ വില്ലേജ് ഓഫിസ് വരെ ഇതിന്റെ ദോഷ ഫലങ്ങള്‍ പ്രതിബിംബിക്കുന്നു. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ജീവന്‍ വെച്ച മൂന്നാര്‍ ഓപ്പറേഷന്‍ നീണ്ട ഒരു ഇടവേളക്കു ശേഷം വീണ്ടും സജീവമായപ്പോള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സന്തോഷിക്കുകയായിരുന്നു.

അനധികൃത കൈയ്യേറ്റത്തിലൂടെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം കൈവശപ്പെടുത്തിയ മൂന്നാറിലെ ഭൂമാഫിയകള്‍ക്കെതിരെ വി.എസ് അച്ച്യുതാനന്ദന്‍ കൈക്കൊണ്ട നിലപാട് പിണറായി മന്ത്രിസഭയിലെ ആദര്‍ശ ധീരനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൈക്കൊണ്ടപ്പോള്‍ അനീതിക്കും അഴിമതിക്കും അധര്‍മ്മത്തിനും എതിരായുള്ള ഒരു കുരിശ് യുദ്ധമായാണ് ജനങ്ങള്‍ നോക്കി കണ്ടത്. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് മൂന്നാര്‍ വിഷയം ഇന്ന് വന്ന് പെട്ടിരിക്കുന്ന അവസ്ഥ. മൂന്നാറിനെ ചൊല്ലി സി.പി.എമ്മും സിപി.ഐ.യും കൊമ്പ് കോര്‍ത്തതോടെ മൂന്നാര്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ഒരു കുരിശായി’ മാറിയിരിക്കുകയാണ്. സി.പി.എമ്മിന്റെ നിലപാട് സി.പി.ഐയെ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്. സി.പി.ഐയുടെ നിലപാടാകട്ടെ കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങെളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ പോന്ന വിധത്തിലുള്ളതാണ്. അതേസമയം മൂന്നാര്‍ ഒഴിപ്പിക്കലുമായി മുന്നോട്ട് നീങ്ങുന്ന ഉദ്യോഗസ്ഥവൃന്ദമാകട്ടെ വലിയ ധര്‍മ്മ സങ്കടത്തിലും നിസ്സഹായതയിലുമാണ്. സി.പി.ഐയുടെ കരുത്തനായ സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ എത്ര അനുമോദിച്ചാലും അധികമാവില്ല. എത്രയും ആര്‍ജ്ജവത്തോടെ ജനപക്ഷത്ത് നിന്ന് കൊണ്ട് മൂന്നാറിലെ അനധികൃത കൈയ്യേറ്റ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അദ്ദേഹം അവലംബിച്ച നിലപാട് മാതൃകാപരമാണ്. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അനുവര്‍ത്തിക്കുന്ന നയവും നിലപാടുമാകട്ടെ തീര്‍ത്തും നിരാശാജനകവും അത്ഭുതാവഹവുമാണ്. തെരഞ്ഞെടുപ്പിനും അധികാരത്തിലെത്തുന്നതിനും മുമ്പ് നാം കണ്ട പിണറായിയെ അല്ല ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ലോ അക്കാദമി പ്രശ്‌നത്തിലും മഹിജയുടെ ധര്‍മ്മ സമരത്തിലും മറ്റും മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ വാക്കുകള്‍ കേരളീയ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മൂന്നാര്‍ പ്രശ്‌നത്തിലും അദ്ദേഹത്തില്‍ നിന്നുണ്ടായ വ്യതിയാനം നീതിയുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന ആരുടെയും ഉള്ള് ഉലക്കാന്‍ പോന്നതാണ്. നീതിയുടെയും നിയമത്തിന്റെയും കരങ്ങളില്‍ കുടുേങ്ങണ്ട മൂന്നാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോള്‍ കൂട്ടുനില്‍ക്കുകയാണോ എന്ന് സന്ദേഹിച്ചാല്‍ ആരേയും കുറ്റം പറയാന്‍ കഴിയില്ല. പാപ്പാത്തിച്ചോലയിലെ കുരിശ് പിഴിതെടുത്ത റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മുഖ്യ മന്ത്രി അനധികൃത ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് കൈക്കൊണ്ട സി.പി.ഐയെ അടിച്ചിരുത്താന്‍ വ്യഗ്രത കാട്ടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധാര്‍ഷ്ട്യം തന്നെയാണ്. മൂന്നാര്‍ വിഷയത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്നത് വരും ദിനങ്ങളില്‍ കണ്ടു തന്നെ അറിയണം. മുഖ്യമന്ത്രിയുടെ പിന്തുണയും അനുവാദവുമില്ലാതെ ഇനിയങ്ങോട്ട് എങ്ങിനെയാണ് അനധികൃത കൈയ്യേറ്റക്കാരെ കുടിയൊഴിപ്പിക്കാനാവുക?. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികവേളയില്‍ ഒരു ആത്മവിമര്‍ശനത്തിനും തെറ്റുതിരുത്തലിനും ശുദ്ധീകരണത്തിനും കളമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പിണറായിയില്‍ നിന്ന് കേരളീയ സമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ ആ പ്രതീക്ഷ നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്.

0Shares