ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ കാസര്‍കോട് നഗരസഭ നോട്ടീസ് നല്‍കി; കെട്ടിട ഉടമയുടെ നിയമലംഘനത്തിന് ഇരയാകേണ്ടിവരുന്നത് നിരവധി കുടുംബങ്ങള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ കാസര്‍കോട് നഗരസഭ നോട്ടീസ് നല്‍കി; കെട്ടിട ഉടമയുടെ നിയമലംഘനത്തിന് ഇരയാകേണ്ടിവരുന്നത് നിരവധി കുടുംബങ്ങള്‍

കാസര്‍കോട്: കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്നില്‍ പണിത അപ്പാര്‍ട്ട്‌മെന്റ് പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറി വി. സജികുമാര്‍ ആണ് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് നെല്ലിക്കുന്നില്‍ നാല് നിലയുള്ള അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചത്. നഗരസഭ നാല് നിലയുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിയാണ് നല്‍കിയത്. എന്നാല്‍ ഉടമ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാടെ ലംഘിച്ച് മുകളിലേക്ക് പണിയുകയായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനും മന്ത്രിക്കും പരാതി പോയിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിട നിര്‍മാണത്തില്‍ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സിനെ ഏല്‍പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം 24/5, 117 ചട്ടങ്ങള്‍ പ്രകാരം നിയമ ലംഘനം നടന്നതായിവിജിലന്‍സ് കണ്ടെത്തുകയും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടത്തിനെതിരേ അടിയന്തിര നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് ഉത്തരവ് നല്‍കിയത്. പതിനാലര മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ആണ് നഗരസഭ അനുമതി നല്‍കിയിരുന്നത് എന്നാല്‍ നിലവില്‍ മുന്‍വശം 17 .50 മീറ്ററും പിന്‍ഭാഗം 14.80 മീറ്ററും ആണെന്ന് പരിശോദനയില്‍ കണ്ടെത്തി. തുടര്‍ന്നാണ്‌ ഇപ്പോള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിടുകയായിരുന്നു.

മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ചതിനാല്‍ കെട്ടിടം പൊളിച്ചു നീക്കണം എന്നും അല്ലാതെ സംഭവിക്കാന്‍ കാരണം ഉണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച് 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നും ഈ മാസം 9ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 21നാണ് കെട്ടിട ഉടമയ്ക്ക്നോട്ടീസ് അയച്ചത്.

വിശദീകരണം നല്‍കാന്‍ ഇല്ലാത്തപക്ഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊളിച്ചുമാറ്റാന്‍ നഗരസഭ നോട്ടീസ് നല്‍കിയ ഫ്ലാറ്റില്‍ 16 കുടുംബങ്ങളാണുള്ളത്. നിയമ ലംഘനം ആണെന്ന് അറിയാതെ ഫ്ലാറ്റ് വാങ്ങിയ കുടുംബങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്.

 

കാസര്‍കോട് നഗരസഭാ പരിധിയില്‍ നിലവില്‍ നിരവധി കെട്ടിടങ്ങള്‍ നിയമം ലംഘിച്ച് പണിതതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷട്രീയ സ്വാധീനം ഉപയോഗിച്ച് പല പരാതികളും ഒത്തുതീര്‍പ്പാക്കുന്നതായെന്നാണ് വിവരം. പൊതുസ്ഥലം കയ്യേറിയും റോഡില്‍നിന്ന് ദൂരപരിധി ലംഘിച്ചും നിര്‍മിച്ച 15 ഓളം സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും റവന്യൂ വകുപ്പ് ശക്തമായ നടപടി നിലവില്‍ സ്വീകരിച്ചുവരുന്നുണ്ട്. ഈ തീരുമാനം കൂടുതല്‍ ശക്തമാക്കിയാല്‍ ഇനി കാസര്‍കോട്ടെ പല കെട്ടിടങ്ങള്‍ക്കെതിരേയും നടപടിവരുമെന്നാണ്‌ സൂചന.

0Shares