കോട്ടയം: ഫോണികെണി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്തില്‍ പ്രതിഷേധിച്ച് ഇന്നിറങ്ങിയ മംഗളം ദിനപത്രം ആരെയും കുറ്റപ്പെടുത്താതെ സ്വയം പ്രതിഷേധിക്കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി പത്രത്തിന്റെ ഒന്നാം പേജ് എഡിറ്റോറിയല്‍ കോളം പൂര്‍ണ്ണമായും കറുപ്പിച്ച് കൊണ്ടാണ് പത്രം പ്രസിദ്ധീകരിച്ചത്. കറുപ്പടിച്ചതിന്റെ കാരണം പത്രം വിശദീകരിക്കുന്നത് ഇങ്ങനെ…
‘വര്‍ത്തമാനകാലത്തെ കാര്യങ്ങളാണ് വാര്‍ത്ത എന്നിരിക്കെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങളുടെ ആസുരകാലത്ത് ഒരു ഭരണാധികാരിയുടെ മനോഭാവം, പെരുമാറ്റം എന്നിവ പച്ചയ്ക്ക് പുറത്തുകൊണ്ടുവന്ന മംഗളം ടെലിവിഷന്‍, പത്രം എന്നിവയോട് ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തില്‍ പ്രതിഷേധിക്കുന്നു.’

ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയില്‍ എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി മംഗളം ചാനലിനോട് സര്‍ക്കാര്‍ പ്രതികാരം വീട്ടുന്നുവെന്നാണ് മംഗളം പറയുന്നത്. ഹണി ട്രാപ്പ് സംഭവത്തില്‍ മംഗളം സിഇഓ അജിത്കുമാര്‍ അടക്കം അഞ്ച് പേരെയും 14 ദിവസത്തേക്ക് ഇന്നലെയാണ് റിമാന്റ് ചെയ്തത്. സിഇഓ അജിത് കുമാര്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്,കെ. ജയചന്ദ്രന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. മന്ത്രിക്കെതിരായ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ പകവീട്ടിയതാണെന്നും മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ച് മംഗളത്തിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും മംഗളം പത്രം ആരോപിക്കുന്നു. സര്‍ക്കാറിന്റെ പിന്തുണയോടെ തങ്ങളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് മാധ്യമ ലോബികള്‍ ആണെന്നും മംഗളം കുറ്റപ്പെടുത്തുന്നു.