ഫേസ്ബുക്കിൽ പരിചയപ്പെട്ട് 12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവം; വിദേശ യുവാവിനെ കൂടാതെ ഡൽഹിയിൽ നിന്നും മീരാദേവി എന്ന സ്ത്രീയും അധ്യാപികയെ ഫോണിൽ വിളിച്ചു; തട്ടിപ്പിന് ഉപയോഗിച്ചത് റിസർവ് ബാങ്കിന്റെ വ്യാജ ഇ-മെയിൽ ഐ.ഡി

  • Post category:news
  • Reading time:2 mins read
You are currently viewing ഫേസ്ബുക്കിൽ പരിചയപ്പെട്ട് 12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവം; വിദേശ യുവാവിനെ കൂടാതെ ഡൽഹിയിൽ നിന്നും മീരാദേവി എന്ന സ്ത്രീയും അധ്യാപികയെ ഫോണിൽ വിളിച്ചു; തട്ടിപ്പിന് ഉപയോഗിച്ചത് റിസർവ് ബാങ്കിന്റെ വ്യാജ ഇ-മെയിൽ ഐ.ഡി

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയുടെ 12 ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത സംഭവത്തിൽ ജോൺ ബ്ലാക്കിനെ കൂടാതെ ഡൽഹിയിൽ നിന്നും മീരാദേവി എന്ന പേരിൽ ഒരു സ്ത്രീയും അധ്യാപികയെ ഫോണിൽ വിളിച്ചതായി കേസ് അന്വേഷിക്കുന്ന ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. മാത്യു ചാനൽ ആർ. ബി യോട് പറഞ്ഞു. ഇതോടെ ജോൺ ബ്ലാക്ക് ഒറ്റയ്ക്കല്ല പണം കൊള്ളയടിച്ചതെന്ന് വ്യക്തമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെ എ.ടി.എം കൗണ്ടറുകളിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി വിവിധ ബാങ്കുകൾക്ക് പോലീസ് നോട്ടീസ് അയച്ചു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം തുടരുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുടെ മൊബൈൽ ഫോണിലെ വാട്‌സ്അപ്പ് സന്ദേശങ്ങൾ പോലീസ് പരിശോധിച്ചു. മൊബൈൽ ഫോണിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളടക്കം റിക്കവറി ചെയ്തെടുത്താണ് അന്വേഷണമെന്നും സി.ഐ പറഞ്ഞു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കിയാണ് പണം തട്ടുന്നതിനു കരുക്കൾ നീക്കിയത്. പടുപ്പ് സ്വദേശിനിയായ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക പോലീസിൽ നൽകിയ പരാതിപ്രകാരമാണ് ബേഡകം പോലീസ് ഐ.ടി ആക്ട് പ്രകാരം അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാസം 17 മുതൽ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിലായി നാല് അകൗണ്ടുകൾ വഴി അധ്യാപികയുടെ 12 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വിവിധ ബാങ്കുകളിലെ ഡൽഹിയിലുള്ള എ.ടി.എം കൗണ്ടർ വഴിയാണ് പണം പിൻവലിച്ചത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണസംഘം പറയുന്നത് ഇങ്ങനെ-

“യു. കെ യിലെ ജോൺ ബ്ലാക്ക് എന്ന് പരിചയപെടുത്തിയയാൾ 45 കാരിയായ അധ്യാപികക്ക് കഴിഞ്ഞ മാസം 17ന് ഒരു സന്ദേശം അയച്ചു. ‘മൂന്നു കോടിരൂപയുടെ സമ്മാനം ലഭിച്ചു.’ ഇതിനു വിശ്വാസ്യത വരുത്തുന്നതിനായി റിസർവ് ബാങ്കിന്റെ വ്യാജ ഇ- മെയിൽ ഐ.ഡി ഉപയോഗിച്ചാണ് സന്ദേശം. ഇക്കാര്യം വിശ്വസിച്ച അധ്യാപിക പണം കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് തിരിച്ചും സന്ദേശം അയച്ചു. അകൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ജോൺ ആദ്യ ഗഡുവായി 3,00,000 രൂപ അകൗണ്ടിൽ നിക്ഷേപിക്കാൻ പറഞ്ഞു. വിവിധ ദിവസങ്ങളിലായി ഇത്തരത്തിൽ 12,00,300 രൂപ അയച്ചു കൊടുത്തു. ഒടുവിൽ 15 ലക്ഷം രൂപ കൂടി നികുതിയായി നൽകണമെന്ന് കാണിച്ചു സന്ദേശം ലഭിച്ചു. എന്നാൽ പണമില്ലാത്തതിനാൽ അയച്ചില്ല. പണത്തിനായി നിർബന്ധിച്ചപ്പോഴാണ് വിവരം ഭർത്താവിനെ അറിയിച്ചത്. തുടർന്ന് ബേഡകം പോലീസിൽ പരാതി നൽകുകയായിരുന്നു.”

പലരിൽ നിന്നും കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് അധ്യാപിക യുവാവ് ആവശ്യപ്പെട്ടതനുസരിച്ചു പണം നൽകിയത്. മലയോരത്തെ ഒരു റിട്ട. എസ്.ഐ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കും സമാന രീതിയിൽ പണം നഷ്ടപ്പെട്ടതായി വിവരം പുറത്തായിട്ടുണ്ട്. അന്താരാഷട്രതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണ്‌ ജോൺ എന്ന് സംശയിക്കുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.

0Shares