
പീതാംബരൻ കുറ്റിക്കോൽ
ബേഡകം: ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയുടെ 12 ലക്ഷത്തിൽപരം രൂപ തട്ടിയെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ഇ മെയിൽ ഐ. ഡി ഉണ്ടാക്കിയാണ് പണം തട്ടുന്നതിനു കരുക്കൾ നീക്കിയത്. പടുപ്പ് സ്വദേശിനിയായ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക പോലീസിൽ നൽകിയ പരാതിപ്രകാരം ബേഡകം പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം 17 മുതൽ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിലായി നാല് അകൗണ്ടുകൾ വഴി അധ്യാപികയുടെ 12 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വിവിധ ബാങ്കുകളിലെ ഡൽഹിയിലുള്ള എ.ടി.എം കൗണ്ടർ വഴിയാണ് പണം പിൻവലിച്ചത്.
സംഭവത്തെക്കുറിച്ചുള്ള പരാതിയിലും പോലീസ് പറയുന്നതും ഇങ്ങനെ-
“യു. കെ യിലെ ജോൺ ബ്ലാക്ക് എന്ന് പരിചയപെടുത്തിയയാൾ ഏതാനും മാസം മുമ്പാണ് 45 കാരിയായ അധ്യാപികയുമായി ഫേസ്ബുക്കിൽ പരിചയത്തിലായതു. വ്യക്തിപരമായ കാര്യങ്ങളെല്ലാം പരസ്പരം പങ്കുവച്ചു. കഴിഞ്ഞ മാസം 17 നു ജോൺ ബ്ലാക്ക് ഒരു സന്ദേശം അയച്ചു. ‘മൂന്നു കോടിരൂപയുടെ സമ്മാനം ലഭിച്ചു.’ ഇതിനു വിശ്വാസ്യത വരുത്തുന്നതിനായി റിസർവ് ബാങ്കിന്റെ വ്യാജ ഇ- മെയിൽ ഐ. ഡി ഉപയോഗിച്ചാ ണ് സന്ദേശം. ഇക്കാര്യം വിശ്വസിച്ച അധ്യാപിക പണം കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് തിരിച്ചും സന്ദേശം അയച്ചു. അകൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ജോൺ ആദ്യ ഗഡുവായി 300000 രൂപ അകൗണ്ടിൽ നിക്ഷേപിക്കാൻ പറഞ്ഞു. വിവിധ ദിവസങ്ങളിലായി ഇത്തരത്തിൽ 12,00300 രൂപ അയച്ചു കൊടുത്തു. ഒടുവിൽ 15 ലക്ഷം രൂപ കൂടി നികുതിയായി നൽകണമെന്ന് കാണിച്ചു സന്ദേശം ലഭിച്ചു. എന്നാൽ പണമില്ലാത്തതിനാൽ അയച്ചില്ല. പണത്തിനായി നിർബന്ധിച്ചപ്പോഴാണ് വിവരം ഭർത്താവിനെ അറിയിച്ചത്. തുടർന്ന് ബേഡകം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.”
പലരിൽ നിന്നും കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് അധ്യാപിക യുവാവ് ആവശ്യപ്പെട്ടതനുസരിച്ചു പണം നൽകിയത്. മലയോരത്തെ ഒരു റിട്ട. എസ്. ഐ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കും സമാന രീതിയിൽ പണം നഷ്ടപ്പെട്ടതായി വിവരം പുറത്തായിട്ടുണ്ട്. അഭിമാനപ്രശനം കൊണ്ട് പലരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്താരാഷട്രതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണ് ജോൺ എന്ന് സംശയിക്കുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.
