തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പോലീസ് പിടിയിലായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഒറ്റത്തൈയ്യില്‍ മസ്രൂറിനെ(25)യാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മര്‍സൂര്‍ ആറ് മാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവതിയെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് മര്‍സൂര്‍ തിരുവനന്തപുരത്തെത്തുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് യുവതിയുമായുള്ള ബന്ധത്തില്‍ നിന്നും മന്‍സൂര്‍ ഒഴിഞ്ഞുമാറി. ഫോണില്‍ മര്‍സൂറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെയായി. പിന്നീട് യുവാവ് തന്നെ യുവതിയെ വിളിച്ച് ബന്ധം അവസാനിപ്പിച്ചതായി മറുപടി നല്‍കി. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് പറഞ്ഞ് മര്‍സൂര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ തമ്പാനൂര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. തമ്പാനൂര്‍ സി.ഐ ഡി. കെ പൃഥിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.എല്‍ സമ്പത്ത്, എ.എസ്.ഐ സുരേഷ്‌കുമാര്‍, സിപിഒമാരായ അശോകന്‍ മെഹന്തി, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.