കോട്ടയം: അയര്‍ക്കുന്നതു നിന്നും കാണാതായ അര്‍ജന്റീന ആരാധകന്‍ ഡിനുവിൻ്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനുവിനെ കാണാതായത്. രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ വിവരം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെൻ്റെ കഴുത്തില്‍ക്കിടന്ന മാല ബന്ധുക്കള്‍ കണ്ടു തിരിച്ചറിഞ്ഞാണ് ഡിനു തന്നെയെന്ന് ഉറപ്പിച്ചത്. തുടര്‍ന്നു കോട്ടയം വെസ്റ്റ്, അയര്‍ക്കുന്നം സി.ഐ.മാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത എത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഉച്ചയോടെ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന ദയനീയമായി പരാജയപ്പെട്ടിരുന്നു.
പുലര്‍ച്ചെ ഒന്നര വരെ സ്വന്തം വീട്ടിലിരുന്ന് ഡിനു മല്‍സരം കണ്ടിരുന്നു. പുലര്‍ച്ചെ നാലരയോടെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് അന്വേഷിച്ചപ്പോഴാണ് ഡിനുവിനെ കാണാതായതായി അറിയുന്നത്. പിതാവ് അലക്‌സാണ്ടര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അര്‍ജന്റീനയുടെ തോല്‍വിയിലെ നിരാശയായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നായ എത്തി നടത്തിയ തിരച്ചിലിലാണ് ഡിനു ആറ്റില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്. അതിനു ശേഷം പൊലീസും അഗ്‌നിശമന സേനാ അധികൃതരും ചേര്‍ന്ന് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീന ആരാധകൻ്റെ മൃതദേഹം ആറ്റില്‍; ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് യുവാവിനെ കാണാതായത്