
കാസര്‍കോട്: ഫിഷറീസ് സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രത്തിനായി വലിയപറമ്പിനെ പരിഗണിക്കുന്നു. പ്രകൃതി രമണീയമായ വലിയപറമ്പിന്റെ തെക്കന്‍ മേഖലയാണ് കൊല്ലം ആസ്ഥാനമായുള്ള സര്‍വകലാശാലാ അധികൃതര്‍ നോക്കുന്നത്. ഉത്തരമലബാറിലെ കടലോരവും കായലോരവും പരിശോധിച്ചു വരുന്ന വിദഗ്ധര്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ല അതിരിടുന്ന വലിയപറമ്പിന്റെ തെക്കന്‍ ഭാഗത്ത് മറ്റു ചില സൗകര്യങ്ങള്‍ കൂടി കാണുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്താണ് എന്നതും കാലിക്കടവ്-തൃക്കരിപ്പൂര്‍-ഒളവറ പാത മെക്കാഡം ടാറിംഗ് നടത്തുന്നതും യാത്രക്ക് ഏറെ ഗുണകരമാണ്. കായലിലൂടെ സ്പീഡ് ബോട്ടില്‍ മറുകരയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് എത്താനും സൗകര്യപ്രദമാണ്.

വലിയപറമ്പിന്റെ തെക്കന്‍ തീരത്ത് ഏക്കര്‍ കണക്കിന് പുഴ പുറമ്പോക്കുകള്‍ ലഭ്യമാണെന്നതും പ്രാധാന്യമേറിയതാണ്. പഞ്ചായത്തിന്റെ വടക്കന്‍ മേഖലയെ അപേക്ഷിച്ച് ജനവാസം കുറവായ പാണ്ഡ്യാലക്കടവിന് സമീപം തന്നെ കൂടുതല്‍ പുറമ്പോക്ക് ലഭ്യമാണ്. ഫിഷറീസ് സര്‍വകലാശാലയുടെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി റീജിയണല്‍ ഫിഷറീസ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ ആണ് ഉത്തരമലബാറില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഏതാണ്ട് നാല് ഏക്കറോളം സ്ഥലം മാത്രമേ കേന്ദ്രത്തിനായി ആവശ്യമുള്ളൂ. ഇത്രയും ഭൂമി ഇപ്പോള്‍ തന്നെ പ്രദേശത്ത് പുഴ പുറമ്പോക്കില്‍ ലഭ്യമാണ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ഭൂമി സ്വകാര്യ വ്യക്തികളും നല്കാന് തയ്യാറാണെന്ന ഉറപ്പ് നല്‍കിയതോടെ പ്രദേശത്തെ ജനങ്ങള്‍ പ്രതീക്ഷയിലാണ്. വലിയപറമ്പിന്റെ തെക്കന്‍ മേഖലയില്‍ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പതിറ്റാണ്ടുകളായി നേതൃത്വം വഹിച്ചു വരുന്ന തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതി ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തിന് കളക്ട്രേറ്റില്‍ നിന്നും മറുപടി ലഭിച്ചിട്ടുണ്ട്.
