ഫയര്‍‌സ്റ്റേഷന് വേണ്ടി മുറവിളികൂട്ടി തളര്‍ന്ന് മുള്ളേരിയക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫയര്‍‌സ്റ്റേഷന് വേണ്ടി മുറവിളികൂട്ടി തളര്‍ന്ന് മുള്ളേരിയക്കാര്‍

മുള്ളേരിയ/ കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നഗരത്തില്‍ നിന്നും 26 കിലോമീറ്ററില്‍ അധികം ദൂരെയുള്ള ചെറുപട്ടണമായ മുള്ളേരിയയിലെ ജനങ്ങള്‍ ഫയര്‍‌സ്റ്റേഷന് വേണ്ടി മുറവിളികൂട്ടി തളര്‍ന്നിരിക്കുകയാണ്.
ജില്ലയിലെ കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ദേലംപാടി എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുകയും കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന ഇവിടെ കൂടുതല്‍ പ്രദേശങ്ങളും വനത്താല്‍ ചുറ്റപ്പെട്ടതും, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍റെ കശുമാവിന്‍ തോട്ടങ്ങള്‍ നിറഞ്ഞതുമാണ്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ കാട്ടു തീയും, അപകടങ്ങളും പതിവാകുമ്പോഴും ഫയര്‍ഫോഴ്‌സ് സേവനം ലഭിക്കാതെ വരുന്നത് ഇവിടുത്തുകാരുടെ സ്ഥിരം ദുരിതമായി മാറിയിരിക്കുകയാണ്. നിലവില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ മുള്ളേരിയ- കാറഡുക്കയിലെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ കാത്തിരിക്കാതെ ജീവന്‍ രക്ഷിക്കാന്‍ സ്വയം മുന്നിട്ടിറങ്ങുകയാണ് ചെയ്യുന്നത്.

സമീപകാലത്ത് കാറിന് മുകളില്‍ മരും വീണ് അപകടം സംഭവിച്ചപ്പോള്‍, നാട്ടുകാര്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് മരം എടുത്ത് മാറ്റുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ശേഷമാണ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയത്. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. അതേപോലെതന്നെ കഴിഞ്ഞ ദിവസം കുളത്തില്‍ വീണ ഒരു യുവാവിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും, മണിക്കൂറുകള്‍ വൈകിയാണ് അവര്‍ സ്ഥലത്തെത്തിയത്. ഈ സമയം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.

സമാനമായ നിരവധി അപകടങ്ങള്‍ പതിവാകുമ്പോഴും, ഫയര്‍ഫോഴ്‌സ് സേവനങ്ങള്‍ ലഭിക്കാത്തത് നാട്ടുകാരില്‍ വലിയ അമര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയിലെ കുറ്റിക്കോലില്‍ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് ഒരു ഫയര്‍‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായത്. അതേ സമയം മുള്ളേരിയക്കാരുടെ ആവശ്യം ഇതുവരെ അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. ഈ പ്രദേശങ്ങളില്‍ ഒരു തീപിടുത്തമുണ്ടായാല്‍, ടണ്‍ കണക്കിന് ഭാരം പേറി കാസര്‍കോടു നിന്നോ, കുറ്റിക്കോലില്‍ നിന്നോ വരുന്ന ഒരു ഫയര്‍ യൂണിറ്റ് എത്തണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കണം. ഇതിന്റെ പ്രധാനകാരണവും ഈ പ്രദേശത്തേക്ക് എത്തിപ്പെടാനുള്ള യാത്രാ ദൂരം തന്നെയാണ്.

ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുമ്പോള്‍ തന്നെ, ഈ പ്രദേശങ്ങേളിലെ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഒരു സേവനമായി ഇത് മാറുന്നു. വരാന്‍ പോകുന്ന വേനല്‍ലില്‍ കാട്ടു തീ പോലുള്ള വലിയ അപകടങ്ങള്‍ വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍.

0Shares