പൗരത്വ നിയമം; പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും: ബെഹ്‌റ

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമം; പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും: ബെഹ്‌റ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തില്‍ തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ലാ പോലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭപരിപാടികളില്‍ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്. ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത്.

0Shares