
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റിക് പാർട്ടി. ഡെമോക്രാറ്റിക് നേതാവും സ്പീക്കറുമായ നാൻസി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റാണെങ്കിലും അദ്ദേഹവും രാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്നും പരിശോധനകൾക്ക് വിധേയനാകേണ്ടി വരുമെന്നും പെലോസി പറഞ്ഞു.

മുൻ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഉക്രെയിൻ പ്രസിഡന്റിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ചാണ് ട്രംപിനെതിരായ നീക്കങ്ങൾ ഡെമോക്രാറ്റുകൾ കൂടുതൽ വേഗത്തിലാക്കിയത്.
ഇംപീച്മെന്റ് നടപടികൾക്കൊരുങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി തന്നെ നിരന്തരം വേട്ടയാകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. തന്റെ യു.എൻ സന്ദർശനം താറുമാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡെമോക്രാറ്റുകളുടെ ഇത്തരം നീക്കങ്ങൾ വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൻ തന്നെ സഹായിക്കുകയുള്ളൂവെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഉക്രെയിൻ പ്രസിഡന്റ് സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകൾ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.
