തിരുവനന്തപുരം: മലയാള ചലച്ചിത്ര മണ്ഡലത്തില്‍ ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട്. മലയാള സിനിമാ സങ്കല്പങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിയ റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും, അന്യഭാഷയിലേക്ക് റീമെയ്ക്ക് ചെയ്ത മിക്ക പ്രസിദ്ധ ചിത്രങ്ങളും സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് പിന്നതാണ്. എന്നാല്‍ സൂപ്പര്‍ഹിറ്റ് സംവിധായകരായ സിദ്ധിഖ്-ലാലിന്റെ വേര്‍പിരിയല്‍ വലിയ നടുക്കത്തോടെയാണ് മലയാള സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും കേട്ടത്. അന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ലാല്‍,പിന്നീട് നിര്‍മ്മാണം, വിതരണം തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിച്ചു. നായകനായും പ്രതിനായകനായും ഹാസ്യകഥാപാത്രങ്ങളായും ലാല്‍ മലയാളികളുടെ ഇഷ്ടനടനായി മാറുകയും ചെയ്തു. എന്നാല്‍ സംവിധാനത്തില്‍ നിന്നും പുറത്തുകടക്കാതെ സിദ്ധിഖ് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റെ വിജയം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ തമിഴില്‍ വിജയ്‌യെ നായകനാക്കി ഫ്രണ്ട്സ്, കാവലന്‍, ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കി ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ വിജയക്കുതിപ്പ് തുടര്‍ന്നു. മലയാള സിനിമാലോകത്ത് പില്‍ക്കാലത്ത് അഭിവാജ്യഘടകമായി മാറിയ ലാല്‍ എന്ന നടനെ എന്നാല്‍ സിദ്ധിഖ് ചിത്രങ്ങളില്‍ പിന്നീട് കണ്ടതുമില്ല.

സിദ്ധിഖ്-ലാല്‍ ബന്ധത്തിന്റെ അകല്‍ച്ചയുടെ മഞ്ഞുരുകലിന്റെ സൂചകമായി കഴിഞ്ഞ വര്‍ഷം ഔസേപ്പച്ചന്‍ നിര്‍മ്മിച്ച കിംഗ് ലയറിന്റെ തിരക്കഥ ഇരുവരും സംയുക്തമായാണ് രചിച്ചത്. ലാല്‍ ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ഇരുവരുടെയും വേര്‍പിരിയലിന് ശേഷം 22 വര്‍ഷങ്ങള്‍ക്കിപ്പുറം സിദ്ദിഖ് സംവിധാനം ചെയ്ത ‘ഫുക്രി’യില്‍ ലാല്‍ പ്രധാന കഥാപാത്രമായി എത്തുകയാണ്. സിദ്ധിഖിന്റെ ‘എസ് ടാക്കീസ്’ എന്ന കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ‘ഫുക്രി’. ഇതില്‍ ജയസൂര്യയും ലാലും പ്രധാന വേഷത്തിലെത്തുന്നു. നടന്‍ സിദ്ധിഖ്, പ്രയാഗ മാര്‍ട്ടിന്‍, അനു സിതാര, ലക്ഷ്മിപ്രിയ മേനോന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാള ചലച്ചിത്ര ലോകത്തിന് സുഗന്ധം പകരുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ വസന്തകാലത്തിലേക്കുള്ള തിരിച്ചുപോക്കുകൂടിയാകും ‘ഫുക്രി’.
