പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

കൊച്ചി: പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് പശ്ചാത്തലം.

കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക. നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കിയിട്ടുണ്ട്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രദാന്റെ ആദ്യ മലയാള ചിത്രത്തിന് വേണ്ടി ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗളൂരുവിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

0Shares