കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റവാളികളായ എസ്.എഫ്.ഐ യ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. മനുഷ്യസഹജമായ തെറ്റു സംഭവിച്ചാല്‍, അതു തിരുത്താനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്. കലാലയം രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള വേദിയല്ല. മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ചിലര്‍ കലാലയങ്ങളെ ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഈ സംഭവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാഞ്ഞ അധ്യാപകരെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. മുതിര്‍ന്നവരുടെ ചിന്താവൈകൃതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല യുവതലമുറയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മഹാരാജാസ് കോളേജിന്റെ 142-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മഹാരാജകീയം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് ‘മഹാരാജകീയം’ ഒരുക്കിയത്. ഉദ്ഘാടന ചടങ്ങില്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രശസ്ത നടന്‍ മമ്മൂട്ടി, മന്ത്രി ഡോ.തോമസ് ഐസക്ക്, കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, പി.ടി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
