
കാസര്‍കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ ഇന്ന് നടത്തിയ തിരച്ചിലിലാണ് പാണത്തൂര്‍ പുഴയില്‍ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റര്‍ മാറി പവിത്രംകയത്തിലാണ് ഉച്ചയോടെ മൃതദേഹം കണ്ടത്. കരയോരത്തെ വള്ളിപ്പടര്‍പ്പുകളില്‍ തങ്ങി നിന്ന നിലയിലായിരുന്നു . രാവിലെ മുതല്‍ തന്നെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ചന്ദ്രഗിരിയിലും ബാഡൂരിലും പുഴക്കരകളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
പാണത്തൂര്‍ ബാപ്പുങ്കയം പുഴയില്‍ ദേശീയ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പുഷ് ക്യാമറ ഉപയോഗിച്ച് തിരച്ചിനടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചാണ് ചന്ദ്രഗിരിപ്പുഴയുടെ പലഭാഗങ്ങളില്‍ തിരച്ചില്‍ തുടങ്ങിയത്.നീലേശ്വരം മുതല്‍ മഞ്ചേശ്വരം വരെയുള്ള മുങ്ങല്‍-നീന്തല്‍ വിദഗ്ദ്ധരെ അണിനിരത്തിക്കൊണ്ടുള്ള തെരച്ചലാണ് രാവിലെ ആരംഭിച്ചത്. 20 കേന്ദ്രങ്ങളില്‍ ആരംഭിച്ച തെരച്ചലില്‍ പൊലീസ്, തീരദേശ പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്നു. തീരദേശ പൊലീസിന്റെ നീന്തല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സനയെ കാണാതായത്. വീടിന് സമീപത്തെ ഓവുചാലിനരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സനയെ പൊടുന്നനെ കാണാതാവുകയായിരുന്നു. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാര്‍ പറയുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു. സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയില്‍ വീണതാകാമെന്ന സംശയത്തെ തുടര്‍ന്നു പോലീസും നാട്ടുകാരും അഗ്‌നിശമനസേനയും കഴിഞ അഞ്ചു ദിവസമായി പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച സനാ ഫാത്തിമയുടെ മൃതദേഹം സംസ്‌കരിച്ചു. പാണത്തൂര്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ വലിയ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു ഖബറടക്കം.
സനയെ അവസാനമായി കാണാന്‍ പാണത്തൂര്‍ ഗ്രാമം ഒഴുകി എത്തിയിരുന്നു. പാണത്തൂര്‍ സംസ്ഥാന പാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു പൊതുദര്‍ശനം. പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഓട്ടോഡ്രൈവര്‍ ഇബ്രാഹിംഹസീന ദമ്പതികളുടെ മകളാണ് സന.
