പാലക്കാട്: പാലക്കാട് വാളയാറില്‍ ഒന്നരമാസം ഇടവിട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ 13 കാരിയായ മൂത്ത കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജനുവരി 13 നാണ് അട്ടപ്പാളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മൂത്ത കുട്ടിയെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ ഒമ്പതുകാരിയായ സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു രണ്ട് കുട്ടികളുടെയും മരണം സംഭവിച്ചിരിക്കുന്നത്. ഇളയ കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാകാം എന്നാണ് പോലിസിന്റെ സംശയം.

കട്ടിലില്‍ കയറി നിന്നാല്‍ പോലും കൈയ്യെത്താത്ത ഏട്ടടി ഉയരത്തിലുള്ള ഉത്തരത്തില്‍ കുട്ടി എങ്ങനെ തൂങ്ങി എന്ന സംശയം നാട്ടുകാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. അതിനാല്‍ മരണം ആത്മഹത്യയല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മൂത്തകുട്ടിയെ പീഡിപ്പിച്ചു എന്ന് സംശയിക്കുന്ന ബന്ധുവിനെയും അയല്‍വാസിയെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചേച്ചി തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടത് ഇളയകുട്ടിയാണ്. ആസമയം മുഖം മറച്ച് രണ്ടുപേര്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി കണ്ടുവെന്ന് ഇളയ കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.