പ്രാണസഖി പിറന്നിട്ട് ഇന്ന് അമ്പതാണ്ട്; പരീക്ഷ എന്ന ചിത്രത്തിലെ അഞ്ചുഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രാണസഖി പിറന്നിട്ട് ഇന്ന് അമ്പതാണ്ട്; പരീക്ഷ എന്ന ചിത്രത്തിലെ അഞ്ചുഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകള്‍

കാസര്‍കോട്: മലയാളികള്‍ ഇന്നും മൂളി നടക്കുന്ന പ്രാണസഖി ഞാന്‍ വെറുമൊരു …, ഒരു പുഷ്പം മാത്രമെന്‍… തുടങ്ങിയ ഗാനങ്ങള്‍ പിറന്നിട്ട് ഇന്ന് അമ്പതാണ്ട്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത പരീക്ഷ എന്ന ചിത്രം റിലീസായത് 1967 ഒക്ടോബര്‍ 19-നാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിയും തെറ്റായ നടപടികളും ഇതിവൃത്തമായ സിനിമ വമ്പന്‍ ഹിറ്റായിരുന്നു. അതിനേക്കാള്‍ വിജയമായിരുന്നു ബാബുരാജ് സംഗീതം നല്‍കിയ പാട്ടുകള്‍. നടന്‍ രവി വള്ളത്തോളിന്റെ പിതാവ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ പരീക്ഷ എന്ന നാടകത്തിന്റെ സിനിമാ രൂപാന്തരമായിരുന്നു ഈ ചിത്രം. പ്രേംനസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഹിന്ദുസ്ഥാനി ശൈലിയിലുള്ള അഞ്ചുഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. പി ഭാസ്‌കരന്‍ മാഷായിരുന്നു രചന. എ.ആര്‍. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖറായിരുന്നു ബാബുരാജിനെ അസിസ്റ്റ് ചെയ്തിരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് എം.ബി ശ്രീനിവാസന്‍. ചിത്രം പുറത്തിറങ്ങിയ സമയത്ത് ‘അന്നു നിന്റെ നുണക്കുഴി…” ആയിരുന്നു കൂടുതല്‍ ഹിറ്റായ ഗാനം. അതുവരെ മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല റൊമാന്റിക് ഗാനമായി വിലയിരുത്തപ്പെട്ടു. യേശുദാസും ജാനകിയുമാണ് ഗായകര്‍. ഒരു പുഷ്പം മാത്രമെന്‍ (രാഗം: ദേശ്), പ്രാണസഖി ഞാന്‍ വെറുമൊരു (രാഗം: സിന്ധുഭൈരവി), അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (രാഗം: പഹാഡി), എന്‍ പ്രാണനായകനെ എന്തു വിളിക്കും (രാഗം: യമുനാ കല്യാണി) എന്നിവയാണ് മറ്റു ഗാനങ്ങള്‍. അമ്പതു വര്‍ഷം പിന്നിട്ടിട്ടും എല്ലാ ഗാനങ്ങളും ഇന്നും ആസ്വാദക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

 

https://www.youtube.com/watch?v=PKrI1ok4Z34

 

 

 

0Shares