പിലിക്കോട്(കാസര്‍കോട്): ഉത്തരകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ രയരമംഗലം വടക്കേം വാതില്‍ വിഷ്ണു മൂര്‍ത്തിക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ഒറ്റക്കോല മഹോത്സവം ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച സന്ധ്യയ്ക്ക് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയുംകൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന് തുടക്കമാകും. വിഷുമൂര്‍ത്തിക്ക് അഗ്‌നി പ്രവേശം ചെയ്യുവാനുള്ള ‘മേലേരി’ക്ക് തീകൊളുത്തല്‍ രാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ്. തുലാം ഇരുപത്തി രണ്ടിന് കാലത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം. തുടര്‍ന്ന് വിഷ്ണു മൂര്‍ത്തി വീത്കുന്നിലേക്ക് യാത്രയാകും. ഇവിടെ നിന്നുമാണ് വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുക.
രാവിലെ അഗ്‌നി പ്രവേശം നടത്തിയ വിഷ്ണുമൂര്‍ത്തി രാത്രിവരെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന ദേവസ്ഥാനം മറ്റെവിടെയും ഇല്ല. രാത്രി എട്ടുമണിയോടെ ഉല്‍സവം സമാപിക്കും. ഇക്കുറിയും ഭക്തജനങ്ങള്‍ക്ക് ഉച്ചയ്ക്ക് അന്നദാനം നല്‍കുന്നുണ്ട്. നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും വിപുലമായ സംഘാടക സമിതിയാണ് അന്നദാന വിതരണം ചെയ്യുന്നത്. ഉല്‍സവം നടക്കുന്ന കുന്നിന്‍പുറം ആരെയും അല്‍പനേരം പിടിച്ചിരുത്തും. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നാലുപാടു നിന്നും ഹരിത ഭംഗി കണ്ണുകളില്‍ നിറയും. നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നെല്‍വയലുകള്‍, തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍, തിങ്ങി നില്‍ക്കുന്ന കേരഭംഗി, പടിഞ്ഞാറ് മാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറബിക്കടല്‍ വാക്കുകള്‍ക്കതീതമാണ് ഈ കാഴ്ചകളെല്ലാം. വര്‍ഷത്തില്‍ ഒരുദിവസം മാത്രമാണ് ജനസഹസ്രം ഇവിടെ ഒഴുകിയെത്തുന്നത്. അഗ്നി പ്രവേശത്തിന്റെ മുന്‍വര്‍ഷത്തെ വീഡിയോ കാണാം.