പ്രവാസി സമൂഹം കേരളത്തിന്റെ വികസന രംഗത്ത് നല്‍കിയ സംഭാവനകള്‍ മഹത്തരം: ഉമ്മന്‍ ചാണ്ടി.

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസി സമൂഹം കേരളത്തിന്റെ വികസന രംഗത്ത് നല്‍കിയ സംഭാവനകള്‍ മഹത്തരം: ഉമ്മന്‍ ചാണ്ടി.

കാസര്‍കോട്: കേരളത്തിന്റെ സാമ്പത്തികരംഗത്ത് പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമവും മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തെ യു.ഡി.എഫ് ഭരണകൂടം എക്കാലവും അങ്ങേയറ്റം വിലമതിച്ചിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇനിയും പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുണ്ട്.പ്രവാസികളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിഷേധാത്മക നയമാണ് പിന്തുടരുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും വികസനത്തിനെതിരെ ഇടതുമുന്നണിക്കാര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയ സംസ്ഥാനമാണ് കേരളം.

ഇവിടെ വായ്പയെടുത്ത് വ്യവസായം തുടങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങള്‍ വികസനത്തില്‍ ഭാഗഭാക്കായപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് അതിന്റെ സ്വാധീനമുണ്ടായതിന്റെ ഫലമാണ് കേരളത്തില്‍ വികസനമുണ്ടായതെന്നും ഇക്കാര്യത്തില്‍ പ്രവാസികളുടെ ഇടപെടല്‍ മഹത്തരമാണെന്നും ഈ വിഭാഗത്തെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares