കാസര്‍കോട്: പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാകാന്‍ ഗണിതഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍.തോമസിന്റെ കേരള മാരത്തണിന് കാസര്‍കോട് ജില്ലയില്‍ സമാപനമായി. നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്ത മാരത്തണ്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം തലപ്പാടിയിലാണ് സമാപനം കുറിച്ചത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിട്ട കേരളത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ പൊതു സമൂഹത്തിനു പ്രചോദനം നല്‍കാനാണു തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓടിത്തീര്‍ത്തതെന്ന് ജോര്‍ജ് ആര്‍. തോമസ് പറഞ്ഞു. നവകേരള നിര്‍മ്മിതിക്കായി വലിയൊരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് സ്വരൂപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കലാണു മാരത്തണിലൂടെ ലക്ഷ്യമിട്ടത്. പ്രഫ. ജോര്‍ജ് ആര്‍. തോമസിന് കേന്ദ്രകേരള സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി.
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ജോര്‍ജ് ആര്‍. തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് മേധാവി പ്രഫ. കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബയോളജിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രഫ. ഡെന്നിസ് തോമസ്, പ്രഫ. വിന്‍സന്റ് മാത്യു, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രളയദുരിതത്തിന് കൈത്താങ്ങായി ഗണിതഗവേഷകന്‍ നടത്തിയ കേരള മാരത്തണിന് സമാപനം