പ്രളയം: അടിയന്തര സഹായത്തിന് 100 കോടി, 10,000 രൂപ ധനസഹായ വിതരണം സർക്കാർ തുടങ്ങുന്നു; ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും എത്തിക്കും

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയം: അടിയന്തര സഹായത്തിന് 100 കോടി, 10,000 രൂപ  ധനസഹായ വിതരണം സർക്കാർ തുടങ്ങുന്നു; ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും എത്തിക്കും

കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്‍റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ ദുരന്തപ്രതികരണനിധിയില്‍ നിന്ന് ഇതിനായി 47.98 കോടി രൂപ അനുവദിച്ചു.

പ്രളയകാലത്ത് ആകെ 90,000 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാംപുകളിലെത്തിയെന്നാണു കണക്ക്. ബാക്കിയുള്ളവരുടെ പട്ടിക ഉടന്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രഷറി വഴി നേരിട്ടാണു തുക നല്‍കുന്നത്. കഴിഞ്ഞവര്‍ഷം പ്രളയത്തിനു ശേഷം കലക്ടര്‍മാര്‍ക്കും പിന്നീട് താലൂക്ക് ഓഫിസുകള്‍ക്കും തുക കൈമാറിയാണ് പ്രളയബാധിതര്‍ക്ക് എത്തിച്ചത്.

പ്രളയകാലത്ത് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവര്‍ക്കും സഹായം നല്‍കും. ഏകദേശം 10,000 കുടുംബങ്ങള്‍ ഇങ്ങനെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയെന്നാണു പ്രാഥമികവിലയിരുത്തല്‍. ഇവരുടെ പട്ടിക തയാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് എന്‍ജിനീയര്‍, സന്നദ്ധപ്രവര്‍ത്തകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി പരിശോധന നടത്തും. വിവരശേഖരണത്തിനായി ഐടി മിഷന്‍ റീബില്‍ഡ് കേരള എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടുകള്‍ക്കുണ്ടായ നാശനഷ്ടവും ഇതിനൊപ്പം വിലയിരുത്തും. കഴിഞ്ഞ തവണത്തെപ്പോലെ പരാതികള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ രേഖകളുടെയും നാശനഷ്ടത്തിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടി വിലയിരുത്തിയാണു നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

0Shares