പ്രമുഖ സി.പി.ഐ നേതാവ് അഡ്വ.കെ.കെ. കോടോത്ത് അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രമുഖ സി.പി.ഐ നേതാവ് അഡ്വ.കെ.കെ. കോടോത്ത് അന്തരിച്ചു.

കാസര്‍കോട്: കാസര്‍കോട്ടെ പ്രശസ്ത അഭിഭാഷകനും സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. കോടോത്ത്(83) അന്തരിച്ചു. ഉത്തരകേരളത്തിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ നിന്ന് കൊണ്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്നു. കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് കെ.കെ. കോടോത്ത്. വ്യാഴാഴ്ച്ച ഉച്ചയോടെ കാസര്‍കോട്ടെ വിദ്യാനഗര്‍ കൃഷ്ണ ഹൗസിങ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.

കാസര്‍കോട് ബാറില്‍ 40 വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗം, താലൂക്ക് ലാന്റ് ബോര്‍ഡ് അംഗം, ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കിസാന്‍ സഭ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അമൃതകല. മക്കള്‍: പ്രസാദ്(അക്കൗണ്ടന്റ്, ബഹറെയ്ന്‍), ലത(അധ്യാപിക, ഷാര്‍ജ). മരുമക്കള്‍: സിന്ധു ചന്തേര(അധ്യാപിക), അനൂപ് പ്രാപ്പൊയില്‍(ബിസിനസ്). സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയോടെ നടക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ അനുശോചനം രേഖപ്പെടുത്തി.

0Shares