കാസര്‍കോട്: ഉത്തര കേരളത്തിലെ പ്രമുഖ ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസമായി പനിയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. 63 വയസായിരുന്നു. മൃതദേഹം നായന്‍മാര്‍മൂലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് നിയമസഭയിലെത്തിയത്. ബീരാന്‍ മൊയ്തീന്‍ ഹാജി ബീഫാത്തിമ ദമ്പതികളുടെ മകനായി 1955 ഒക്ടോബര്‍ ഒന്നിന് കാസര്‍കോട് ജില്ലയിലെ ചെങ്കളയില്‍ ജനനം. ഒമ്പതാം ക്ലാസ് വരെ ഭൗതികവിദ്യാഭ്യാസം.
മുസ്ലിം യൂത്ത് ലീഗിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. യൂത്ത് ലീഗ്, മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആണ്. നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെയര്‍മാനുമാണ്. സഫിയ ആണ് ഭാര്യ. മക്കള്‍ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ. ഉച്ചയ്ക്ക് 12 മണിമുതല്‍ ഒന്നരവരെ ഉപ്പളയിലെ മുസ്ലിം ലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് 5.30 ന് ആലമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.
