കോട്ടയം: പ്രമുഖ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിലായിരുന്നു. പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോടിയത്തൂര്‍ പ്രൈവറ്റ് സ്‌കൂള്‍, ദേവികുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കല്ലാര്‍കുട്ടി എച്ച്.എസ്, നാട്ടകം ഗവണ്‍മെന്റ് എച്ച്.എസ്, ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവണ്‍മെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷമാണ് സാഹിത്യ രചന തുടങ്ങിയത്.
മാന്ത്രിക, ഡിക്റ്ററ്റീവ് നോവലുകളടക്കം 300 ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. മിക്ക നോവലുകളും തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പല കൃതികള്‍ക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് അന്തരിച്ചത്. കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊര്‍ണാഡോ, ഗന്ധര്‍വ്വയാമം, ദേവയക്ഷി, ദി മര്‍ഡര്‍, നീലക്കണ്ണുകള്‍, സിംഹം, മന്ത്രമോഹിനി, മോണാലിസയുടെ ഘാതകന്‍, തുരങ്കത്തിലെ സുന്ദരി, ഓവര്‍ ബ്രിഡ്ജ്, നാഗച്ചിലങ്ക, നാഗമാണിക്യം, മര്‍ഡര്‍ ഗാങ്ങ്, ഡെവിള്‍, ഡ്രാക്കുളക്കോട്ട, നിഴലില്ലാത്ത മനുഷ്യന്‍, ലേഡീസ് ഹോസ്റ്റലിലെ ഭീകരന്‍, റെഡ് റോബ്, ഡയല്‍ 0003, ഡെവിള്‍സ് കോര്‍ണര്‍, ഡൈനോസറസ്, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, സന്ധ്യാരാഗം, തിമൂറിന്റെ തലയോട് എന്നിവയാണ് കൃതികള്‍.
ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂള്‍, ഗുഡ്ഷെപ്പേര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പുഷ്പനാഥിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1972-ല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.
പ്രമുഖ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു