ചാനല്‍ ആര്‍.ബി: ക്രിസ്തു ദേവന്റെ പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകള്‍ അയവിറക്കുന്ന ഈസ്റ്റര്‍ ദിനം ലോകമെങ്ങും ഹൃദയം നിറഞ്ഞ ആഹ്‌ളാദത്തോടെ ആഘോഷിക്കുന്നു. ഈസ്റ്റര്‍ ഉയിര്‍പ്പിന്റെ ഉത്സവമാണ്. ഗാഗുല്‍ത്താമലയില്‍ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ കുരിശിലേറ്റിയ യേശുദേവന്‍ പാപികള്‍ക്കായി ജീവന്‍ വെടിഞ്ഞശേഷം മൂന്നാംനാളില്‍ ഉയിര്‍ത്തെഴുന്നേറ്റതിലൂടെ ഭൂമിയിലെ മനുഷ്യരാശിയെ തിന്മകളില്‍ നിന്ന് നന്മകളിലേക്ക് വഴി നടത്തുകയായിരുന്നു. ദുഃഖങ്ങള്‍ക്കും കൂരിരുട്ടിനും ശേഷമുള്ള പ്രകാശത്തിന്റെ ഇതള്‍ വിരിയലാണ് ഈസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.

മാനവ സമൂഹത്തെ തമസ്സില്‍ നിന്നും ജ്യോതിസ്സിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ യേശു ക്രിസ്തുവിന്റെ അതി മഹത്തായ ജീവിതം പകര്‍ന്നു നല്‍കിയ സന്ദേശങ്ങളും പാഠങ്ങളും ഓര്‍ത്തെടുക്കാനും ആസുരവും ധൂസരവുമായ ഈ കാലത്തേയും ലോകത്തേയും ജീവിതത്തേയും വിമലീകരിക്കാനുമുള്ളതാണ് അപൂര്‍വ്വ പ്രഭ ചൊരിയുന്ന ഈ പുണ്യദിനം. ഈസ്റ്റര്‍ പ്രതീക്ഷയുടെ, ആഹ്‌ളാദത്തിന്റെ, വിശ്വാസത്തിന്റെ സന്ദേശം ഉണര്‍ത്തുന്ന സുദിനമാണ്. വിശ്വമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ ശ്രുശ്രൂഷകള്‍ നടക്കുന്ന ഈ ദിനത്തില്‍ മനുഷ്യ കുലത്തിന്റെ ഹൃദയങ്ങളിലും പ്രകാശത്തിന്റെ പൊന്‍കിരണങ്ങള്‍ വിരിയുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ സഹോദരങ്ങള്‍ക്കും ചാനല്‍ ആര്‍.ബി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ സ്ഥാപനത്തിന്റെ ഹൃദയംഗമമായ ഈസ്റ്റര്‍ ദിനാശംസകള്‍…