
നമ്മുടെ സുന്ദര ദേശത്തിന് ജീവരക്തമാകുന്ന മൂല്യങ്ങളും ആദർശങ്ങളും പകർന്ന കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. എന്‍റെ രാജ്യത്തോടും സംഘടനയോടും എനിക്ക് വലിയ കൃതജ്ഞതയുടെയും സ്നേഹത്തിന്‍റെയും കടപ്പാടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ, 2019 തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഞാനാണ് ഉത്തരവാദി. നമ്മുടെ പാർട്ടിയുടെ ഭാവി വളർച്ചയ്ക്ക് ഉത്തരവാദിത്തം നിർണായകമാണ്. ഇക്കാരണത്താലാണ് ഞാൻ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നത്.
പാർട്ടിയുടെ പുനർനിർമാണത്തിന് കണിശമായ തീരുമാനങ്ങൾ ഉണ്ടാകണം. 2019 ലെ പരാജയത്തിന് ഒട്ടേറെ ആളുകൾ കണക്കു പറയേണ്ടതായി വരും. ഉത്തരവാദിത്തം മറ്റുള്ളവർക്കുമേൽ കെട്ടിവച്ച് പാർട്ടി അധ്യക്ഷനെന്ന നിലയിൽ എന്‍റെ ഉത്തരവാദിത്തം ഞാൻ അവഗണിക്കുന്നത് അനീതിയാണ്.എന്‍റെ ഒട്ടേറെ സഹപ്രവർത്തകർ നിർദേശിച്ചത് അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ ഞാൻ തന്നെ നാമനിർദേശം ചെയ്യണമെന്നാണ്. നമ്മുടെ പാർട്ടിയെ നയിക്കാൻ പുതിയ ഒരാൾ വേണമെന്നതു പ്രധാനമായിരിക്കുമ്പോഴും ആ വ്യക്തിയെ ഞാൻ തന്നെ തിരഞ്ഞെടുക്കുന്നതു ശരിയാവില്ല.
ഉന്നതമായ പൈതൃകവും ചരിത്രവുമുള്ളതാണു നമ്മുടെ പാർട്ടി. അതിന്‍റെ പോരാട്ടത്തോടും അന്തസ്സിനോടും എനിക്ക് അഗാധമായ ആദരവുണ്ട്. ഇന്ത്യയുടെ ഊടും പാവുമാണ് ഈ പ്രസ്ഥാനം. നമ്മെ ധീരതയോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി നയിക്കാൻ ആർക്കു കഴിയുമെന്ന കാര്യത്തിൽ മികച്ച തീരുമാനമെടുക്കാൻ പാർട്ടിക്കു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.രാജിവച്ചതിനു തൊട്ടുപിന്നാലെ, കോൺഗ്രസ് പ്രവർത്തക സമിതിയിലെ സഹപ്രവർത്തകരോടു ഞാൻ നിർദേശിച്ചത് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ദൗത്യത്തിന് ഒരു സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ്. സ്ഥാനമാറ്റം സുഗമമാക്കാനുള്ള നടപടിക്രമങ്ങൾക്ക് ഞാൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും അതിനായി അവർക്ക് അധികാരം നൽകുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള കേവല മത്സരമായിരുന്നില്ല എന്‍റെ പോരാട്ടം. എനിക്കു ബി.ജെ.പിയോടു വെറുപ്പോ ദേഷ്യമോ ഇല്ല. പക്ഷേ ഇന്ത്യയെ സംബന്ധിച്ച അവരുടെ ആശയത്തെ എന്‍റെ ശരീരത്തിലെ ഓരോ അണുവും ചെറുക്കുന്നു. എന്‍റെ ചേതനയിലൂറുന്ന ഇന്ത്യൻ എന്ന ആശയം അവരുമായി നേർക്കുനേർ എന്നും ഏറ്റുമുട്ടുന്നതുകൊണ്ടാണ് ഈ ചെറുത്തുനിൽപ് ഉയരുന്നത്. ഇതൊരു പുതിയ പോരാട്ടമല്ല, ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ മണ്ണിൽ ഈ പോരാട്ടം നടന്നിട്ടുണ്ട്. അവർ ഭിന്നതകൾ കാണുമ്പോൾ, ഞാൻ സമാനതകൾ കാണുന്നു. അവർ വെറുപ്പു കാണുമ്പോൾ ഞാൻ സ്നേഹം കാണുന്നു. അവർ ഭയപ്പെടുന്നത് ഞാൻ ആലിംഗനം ചെയ്യുന്നു.
സഹാനുഭൂതിയുടേതായ ഈ ആശയമാണു ലക്ഷക്കണക്കിനായ എന്‍റെ പ്രിയ നാട്ടുകാരുടെ ഹൃദയങ്ങളിലും തുടിക്കുന്നത്. ഇന്ത്യ എന്താണെന്ന ഈ ആശയമാണ് ഇനി നാം ഉൽക്കടമായി പ്രതിരോധിക്കേണ്ടത്. നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായി നടന്നുകൊണ്ടിരിക്കുന്ന ആകമണങ്ങൾ ലക്ഷ്യമിടുന്നത് നമ്മുടെ രാഷ്ട്രഘടനയെ തകർക്കലാണ്. ഇതിനെതിരായ പോരാട്ടത്തിൽനിന്ന് ഞാൻ ഒരു രീതിയിലും പിന്നാക്കം പോകുന്നില്ല.ഞാൻ കോൺഗ്രസ് പാർട്ടിയുടെ കൂറുള്ള പടയാളിയാണ്. ഇന്ത്യയുടെ സമർപ്പിത പുത്രനായ ഞാൻ അവസാന ശ്വാസം വരെ രാജ്യത്തിനായുള്ള പോരാട്ടവും സേവനവും തുടരും. അന്തസ്സോടും കരുത്തോടുമാണു നമ്മൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നമ്മുടെ പ്രചാരണം ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും മതസമുദായങ്ങളോടും സാഹോദര്യവും സഹിഷ്ണുതയും ആദരവും പുലർത്തുന്നതായിരുന്നു. പ്രധാനമന്ത്രിയോടും ആർഎസ്എസിനോടും അവർ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും വ്യക്തിപരമായിതന്നെ മുഴുവൻ കരുത്തോടെ പൊരുതി. ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടും രാഷ്ട്രത്തെ കെട്ടിപ്പൊക്കിയ ആദർശങ്ങൾ പ്രതിരോധിക്കാനുമായിരുന്നു അത്.
ചില നേരങ്ങളിൽ, ഞാൻ പൂർണമായും ഒറ്റപ്പെട്ടു പോയിട്ടുണ്ട്. എനിക്കതിൽ അഭിമാനമുണ്ട്. പ്രവർത്തകരുടെയും പാർട്ടി അംഗങ്ങളുടെയും ആവേശവും സമർപ്പണവും, അവരുടെ സ്നേഹവും മര്യാദയും, എല്ലാവരിൽനിന്നും ഞാൻ ഒരുപാടു പഠിച്ചു.സ്വതന്ത്രവും നീതിപൂർണവുമായ തിരഞ്ഞെടുപ്പു നടക്കാൻ രാജ്യത്തെ സ്ഥാപനങ്ങൾ നിഷ്പപക്ഷമായിരിക്കേണ്ടതുണ്ട്; സ്വതന്ത്രമായ മാധ്യമങ്ങൾ, കോടതികൾ, സുതാര്യതയുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയവ കൂടാതെ തിരഞ്ഞെടുപ്പ് നീതിപൂർവമാകില്ല. പണസ്രോതസ്സുകൾക്കു മേൽ ഒരു കക്ഷിക്കു മാത്രം സമ്പൂർണ കുത്തകയുള്ളപ്പോൾ ഒരു തിരഞ്ഞെടുപ്പും സ്വതന്ത്രമാകില്ല.
2019 തിരഞ്ഞെടുപ്പിൽ നാം നേരിട്ടത് ഒരു രാഷ്ട്രീയകക്ഷിയെ അല്ല. അതിലപ്പുറം ഇന്ത്യാ സർക്കാരിന്‍റെ മുഴുവൻ ഭരണസംവിധാനത്തെയുമാണ്. ഓരോ സ്ഥാപനത്തെയും പ്രതിപക്ഷത്തിനെതിരെ അണിനിരത്തി. നാമെന്നും പരിപാലിച്ചുപോന്ന സ്ഥാപന നിഷ്പക്ഷത എന്നത് ഇന്ത്യയിൽ ഇനിയില്ലെന്നത് സുവ്യക്തമായിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്ഥാപനഘടന പിടിച്ചെടുക്കുക എന്ന ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നു. നമ്മുടെ ജനാധിപത്യം അടിസ്ഥാനഘടകങ്ങളിൽ ദുർബലമാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെ നിർണയിക്കുന്ന ഘടകം എന്ന നിലയിൽനിന്നു തിരഞ്ഞെടുപ്പുകൾ ഇനി കേവലം ചടങ്ങായി മാറും.
സങ്കൽപിക്കാനാവുന്നതിനപ്പുറമുള്ള അക്രമങ്ങളും വേദനയുമാണ് ഈ അധികാര ലബ്ധിയുടെ ഫലം. കർഷകർ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, സ്ത്രീകൾ, ആദിവാസികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവരാണ് ഏറ്റവും കഷ്ടപ്പെടാൻ പോകുന്നത്. നമ്മുടെ സമ്പദ്ഘടനയ്ക്കും രാഷ്ട്രത്തിന്‍റെ സൽപ്പേരിനും ഇതുണ്ടാക്കുന്ന ആഘാതം തകർച്ചയുടേതായിരിക്കും. പ്രധാനമന്ത്രിയുടെ ജയം അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളെ റദ്ദു ചെയ്യുന്നില്ല, സത്യത്തിന്‍റെ പ്രകാശത്തെ മറച്ചുവയ്ക്കാൻ എത്രയളവിലുള്ള പണത്തിനും പ്രചാരണത്തിനും കഴിയില്ല.
നമ്മുടെ സ്ഥാപനങ്ങളെ വീണ്ടെടുക്കാനും പുനർജ്ജീവിപ്പിക്കാനും ഇന്ത്യാ ദേശം ഒത്തുചേരണം. ഈ പുനർജ്ജീവനത്തിനുള്ള ഉപകരണമായിരിക്കും കോൺഗ്രസ് പാർട്ടി. ഈ സുപ്രധാന ദൗത്യം സാഷാത്കരിക്കാൻ, കോൺഗ്രസ് പാർട്ടി വിപ്ലവകരമായ പരിവർത്തനത്തിനു വിധേയമാകണം. ഇന്ന് ബി.ജെ.പി ഇന്ത്യൻ ജനതയുടെ സ്വരങ്ങളെ അടിച്ചമർത്തുകയാണ്. ഈ സ്വരങ്ങളെ പ്രതിരോധിക്കുകയാണു കോൺഗ്രസിന്‍റെ ദൗത്യം. ഇന്ത്യ ഒരിക്കലും ഏക സ്വരമായിരുന്നില്ല. ഇനി ആകുകയുമില്ല. അത് എന്നും എപ്പോഴും ഒരു സ്വരലയമാണ്. ഭാരത മാതായുടെ യഥാർഥ സത്ത അതാണ്.
എനിക്ക് പിന്തുണ നൽകുന്ന സന്ദേശങ്ങളും കത്തുകളും അയച്ച സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് നന്ദി. എന്റെ എല്ലാ കരുത്തും ഉപയോഗിച്ച് ഇനിയും കോൺഗ്രസിനുവേണ്ടി പോരാട്ടം തുടരും. പാർട്ടിക്ക് ആവശ്യമായി വരുമ്പോഴെല്ലാം എന്റെ സേവനങ്ങളും നിർദേശങ്ങളും ലഭ്യമായിരിക്കും. കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന എല്ലാവരോടും വിശേഷിച്ചും സമർപ്പിതരും സ്നേഹനിധികളുമായ പ്രവർത്തകരോടും ഞാൻ പറയുന്നു, എനിക്ക് നമ്മുടെ ഭാവിയിൽ സമ്പൂർണ വിശ്വാസമുണ്ട്. നിങ്ങളോടെല്ലാം അങ്ങേയറ്റം സ്നേഹവും.
ഇന്ത്യയിലെ ഒരു ശീലം കരുത്തുള്ളവർ അധികാരത്തോട് ഒട്ടിനിൽക്കുന്നതാണ്. ഒരാളും അധികാരം ത്യജിക്കുകയില്ല. പക്ഷേ, ആഴത്തിൽ പ്രത്യയശാസ്ത്രയുദ്ധത്തിൽ പോരാടാതെയും അധികാരത്തിനുള്ള മോഹം ഉപേക്ഷിക്കാതെയും നാം നമ്മുടെ എതിരാളികളെ പരാജയപ്പെടുത്തുകയില്ല. ഞാൻ ഒരു കോൺഗ്രസുകാരനായി ജനിച്ചു, ഈ പാർട്ടി എന്നും എനിക്കൊപ്പമുണ്ട്. ഇത് എന്‍റെ ജീവരക്തമാണ്, അതെന്നും അങ്ങനെ തുടരുകയും ചെയ്യും.
∙ ജയ് ഹിന്ദ്
രാഹുൽ ഗാന്ധി
