
കാസര്‍കോട്: മൈസൂരില്‍ നിന്നും മരുമകളായെത്തി കാസര്‍കോട് മേഖലയില്‍ നാട്യകലയുടെ നിറവര്‍ണങ്ങള്‍ പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന അണങ്കൂര്‍ നെല്‍ക്കളയിലെ ശശികലടീച്ചര്‍ക്ക് മലയാളത്തിന്‍റെ ആദരം നല്‍കുന്നു. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിത പാതയില്‍ തളരാതെ കലയുടെ പ്രകാശവുമായി മുന്നേറുന്ന കാസര്‍കോടിന്‍റെ കലാകാരിയെ മലയാള ഭാഷ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ആദരിക്കുന്നത്.
മൈസൂരിലെ സുന്ദര റാവു-ശാരദ ദമ്പതികളുടെ മൂന്നാമത്തെ മകളായി 1950ലാണ് ശശികല ജനിച്ചത്. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ശശികല പിന്നീട് നാട്യകലയില്‍ തന്‍റെ ഭാവി കണ്ടെത്തുകയായിരുന്നു. അമ്മാവന്‍ നൃത്യഗുണ മോഹന്‍ ഭാര്‍ഗവടക്കമുള്ള പ്രഗല്‍ഭരായവരില്‍ നിന്നും ഭരതനാട്യം പരിശീലിച്ചു. കൂടാതെ കര്‍ണാടക സംഗീതവും മൃദംഗവും പഠിച്ചെടുത്തു.

1968ല്‍ തുളുനാട്ടിലെ കലാകാരനായിരുന്ന പരമേശ്വര ഭട്ടിനെ വിവാഹം ചെയ്ത് പൈവളികെ പാവല്‍കോടി വില്ലേജിലെത്തിയെങ്കിലും അടുത്തവര്‍ഷം തന്നെ ഭര്‍ത്താവിന്‍റെ അകാലചരമം ശശികലടീച്ചറെ ഏറെ തളര്‍ത്തി. പ്രതിസന്ധികളില്‍ തളരാതെ അടുത്ത ബന്ധുക്കളായ ടി. ശങ്കര നാരായണ ഭട്ട്, ഗംഗാധര ഭട്ട് എന്നിവരുടെ പിന്തുണയോടെ ശശികലടീച്ചര്‍ തന്‍റെ ജീവിതം കലയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
മംഗലാപുരത്തെ യു. എസ് കൃഷ്ണ റാവു, കലാമണ്ഡലം ഗുരു മീര നമ്പ്യാര്‍ എന്നിവരുടെ കീഴില്‍ തുടര്‍ പരിശീലനം നടത്തി. 1978ല്‍ യുവകലാകാരന്‍മാര്‍ക്ക് വേണ്ടി കാസര്‍കോട് നൃത്യനികേതന എന്ന സ്ഥാപനം ആരംഭിച്ചു. വര്‍ഷങ്ങളായി നിരവധി കലാപ്രതിഭകളാണ് ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങി നാട്യരംഗത്ത് ശോഭിച്ചു കൊണ്ടിരിക്കുന്നത്. കലോത്സവവേദികളില്‍ നൃത്തമത്സരങ്ങള്‍ക്ക് ജൂറിയായും ശശികലടീച്ചര്‍ എത്താറുണ്ട്.
